തിരുവനന്തപുരം
ബിജെപി സംസ്ഥാന അധ്യക്ഷനെ മാറ്റുമെന്ന ചർച്ച സജീവമായതോടെ ഓൺലൈൻ പ്രചാരണവും ചൂടുപിടിച്ചു. അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് സുരേഷ്ഗോപി എംപി ദിവസേനയെന്നോണം വ്യക്തമാക്കുന്നുണ്ട്. താൻതന്നെ തുടരുമെന്ന് സുരേന്ദ്രനും പറയുന്നു. മാറില്ലെന്നു പറഞ്ഞിരിക്കെയാണ് മുമ്പ് കുമ്മനം പെട്ടെന്ന് ഗവർണറായി മാറിയതെന്ന ചിത്രമാണ് കൃഷ്ണദാസ് പക്ഷക്കാർ ഓർമിപ്പിക്കുന്നത്. ആർക്കും വിരോധമില്ലെന്നതിനാൽ കുമ്മനത്തെതന്നെ വീണ്ടും പരിഗണിക്കാൻ ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്. വത്സൻ തില്ലങ്കേരിയുടെ പേരും ഓൺലൈൻ മാധ്യമങ്ങൾ ചർച്ചയാക്കുന്നു. സംസ്ഥാനത്തെ ആർഎസ്എസ് നേതൃത്വത്തിനുകൂടി സമ്മതനെന്ന നിലയിലാണ് തില്ലങ്കേരിയെ ഒരു വിഭാഗം ഉയർത്തുന്നത്.
ആർഎസ്എസിനെ വകവയ്ക്കാതെ സുരേന്ദ്രനും വി മുരളീധരനും പാർടിയെ നയിച്ചതാണ് കനത്ത തിരിച്ചടിയുണ്ടായതെന്ന് ദേശീയ നേതൃത്വം വിലയിരുത്തിയിരുന്നു. അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിലും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ദേശീയ നേതാക്കൾ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്ന തിരക്കിലായതിനാലാണ് കേരളത്തിലെ കാര്യങ്ങൾ വൈകുന്നതെന്ന് ബിജെപിയുടെ സംസ്ഥാന നേതാവ് പറഞ്ഞു. എങ്കിലും ഡിസംബറോടെ സംസ്ഥാനതലത്തിൽ അഴിച്ചുപണി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.