തിരുവനന്തപുരം: ബ്രഹ്മോസ് കോമ്പൗണ്ടിൽ അജ്ഞാതൻ കടന്നു എന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി പേട്ട പോലീസ്. എന്നാൽ ഇതുവരെ അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ബ്രഹ്മോസ് എയറോസ്പേസ് സെന്ററിൽ ബ്രഹ്മോസ് ഉദ്യോഗസ്ഥരുടേയും ഐഎസ്ആർ ഒ ഉദ്യോഗസ്ഥരുടെയും നിർണ്ണായകമായ ഒരു യോഗംവ്യാഴാഴ്ച നടന്നിരുന്നു. യോഗം നടന്നകെട്ടിടത്തിന്റെ പുറത്ത് അപരിചിതനായ ഒരാൾ ബാഗുമായി നിൽക്കുന്നത് കണ്ടു എന്നായിരുന്നു പരാതി. ബ്രഹ്മോസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് ഇക്കാര്യം പറഞ്ഞത്.വെകുന്നേരം തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പേട്ട പോലീസ് സ്ഥലത്തെത്തി ബ്രഹ്മോസിന്റെ ക്യാമ്പസ് മുഴുവൻ രാത്രി വൈകിയും പരിശോധന നടത്തി. എന്നാൽ അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും പോലീസിന് കാണാൻ സാധിച്ചില്ല. അപരിചിതനെ കണ്ടു എന്ന പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉറച്ചു നിന്നതോടെ പോലീസ് അന്വേഷണം ശക്തമാക്കാൻ തീരുമാനിക്കുകയായിരുന്നു. പേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ബ്രഹ്മോസിന്റെ കാമ്പസിലെത്തി ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പരിശോധനകളിൽ കണ്ടെത്തിയത് സ്ഥാപനത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ചില ദൗർബല്യങ്ങൾ ഉണ്ട് എന്നാണ്. കാമ്പസിൽ രണ്ട് സിസിടിവികൾ മാത്രമാണ് ഉള്ളത്. 20 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന കാമ്പസിന് നാമമാത്രമായ സുരക്ഷാ ജീവനക്കാർ മാത്രമാണുള്ളത്.
അതേസമയം ഐബി നടത്തിയ അന്വേഷണത്തിൽ ബ്രഹ്മോസിന്റെ മതിൽകെട്ടിലെ ചിലയിടങ്ങൾ ദുർബലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.എന്നാൽ സംഭവം കേന്ദ്ര ഇന്റലിജൻസ് നടത്തിയ മോക് ഡ്രില്ലിന്റെ ഭാഗമായാണോ എന്നസംശയവും ഉയരുന്നുണ്ട്. സംസ്ഥാന പോലീസ് ഇന്റലിജൻസ് വിഭാഗമാണ് ഇത്തരത്തിൽ ഒരു സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.ഐബിയുടെ തിരുവനന്തപുരം ജോയിന്റ് ഡയറക്ടർ ഇന്നലെ ബ്രഹ്മോസ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപരിചിതനെ കണ്ടു എന്ന പരാതി ഉയർന്നത്. ഇതാണ് മോക് ഡ്രില്ലാണോ എന്ന സംശയം ഉയരാൻ കാരണം.
Content Highlights: Stranger in brahmos aerospace center – police raid