കോട്ടയം: പാലാ ബിഷപ്പ് നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി വി.എൻ വാസവൻ താഴത്തങ്ങാടി ഇമാം ഷംസുദീൻ മന്നാനി ഇലവുപാലവുമായി കൂടിക്കാഴ്ച നടത്തി. താഴത്തങ്ങാടി പള്ളിയിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. ബിഷപ്പിനെ സന്ദർശിച്ച സാഹചര്യം ഇമാമിനോട് മന്ത്രി വിശദീകരിച്ചു. എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടെയല്ല ബിഷപ്പിനെ സന്ദർശിക്കാൻ പോയത് എന്നും ധരിപ്പിച്ചു. തങ്ങൾക്കുണ്ടായ അതൃപ്തി കൃത്യമായി മന്ത്രിയെ ധരിപ്പിക്കാൻ ലഭിച്ച അവസരമായി കൂടിക്കാഴ്ചയെ കാണുന്നുവെന്ന് താഴത്തങ്ങാടി ഇമാം പ്രതികരിച്ചു.
വിവാദ പരാമർശം നടത്തിയതിന് പിന്നാലെ പാലാ ബിഷപ്പിമായി മന്ത്രി വാസവൻ കൂടിക്കാഴ്ച നടത്തിയതും തുടർന്ന് നടത്തിയ പ്രതികരണങ്ങളും മുൂസ്ലിം സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് താഴത്തങ്ങാടി ഇമാം മന്ത്രി വാസവനെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ മഹല്ല് കോ-ഓർഡിനേഷൻ കമ്മിറ്റിയടക്കം പ്രതിഷേധിച്ചിരുന്നു. ആ അതൃപ്തി പരിഹരിക്കുക എന്നതാണ് മന്ത്രി ഇന്ന് നടത്തിയ കൂടിക്കാഴ്ചയുടെ ലക്ഷ്യം.
ബിഷപ്സ് ഹൗസിൽ നടത്തിയ സന്ദർശനത്തിനുശേഷം ബിഷപ്പിനെ പുകഴ്ത്തുന്ന തരത്തിൽ മന്ത്രി നടത്തിയ പ്രതികരണമാണ് മുസ്ലിം സംഘടനകളെ പ്രകോപിപ്പിച്ചത്. തൊട്ടുപിന്നാലെ, കേരളം സംരക്ഷിച്ചു വന്നിരുന്ന മതസൗഹാർദ്ദം തകർക്കാൻ സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും ചില ശക്തികൾ ശ്രമിക്കുന്നതായി താഴത്തങ്ങാടി ഇമാം ആരോപിച്ചിരുന്നു.
അടുക്കാനാകാത്ത വിധം നമ്മൾ അകന്നുപോകാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. രണ്ടു സമൂഹങ്ങൾ തമ്മിലുള്ള അകൽച്ച ബോധപൂർവ്വം വർദ്ധിപ്പിക്കുന്നതിനായി ആരോക്കെയോ പിന്നാമ്പുറങ്ങളിൽ പ്രവർത്തിക്കുന്നു. കേരളത്തിന് പോർവിളിയും വിദ്വേഷവുമല്ല, സമാധാനവും സ്നേഹവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലം ഇക്കാര്യങ്ങൾ പറഞ്ഞത്.
നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Content Highlights:Pala Bishops remark: Minister V.N Vasavan meets Thazhathangadi Imam