തിരുവനന്തപുരം
വിയ്യൂർ സെൻട്രൽ ജയിലിൽ അനധികൃതമായി ഫോൺ ഉപയോഗിച്ച കൊലക്കേസ് പ്രതി റഷീദ് സൂപ്രണ്ട് എ ജി സുരേഷിന്റെ ഓർഡർലിയും അരുമയും. പൂജപ്പുരയിലേക്ക് മാറ്റുംവരെ ഇയാൾ സൂപ്രണ്ടിന്റെ ‘സ്വന്ത’ക്കാരനായി ജയിലിൽ വിലസിയെന്നാണ് വിലയിരുത്തൽ.
സൂപ്രണ്ട് പറയുന്ന കാര്യങ്ങൾ അക്ഷരംപ്രതി അനുസരിച്ച് ഓഫീസിൽ സഹായിയാകുന്ന തടവുകാരെയാണ് ഓർഡർലി എന്ന് വിളിക്കുന്നത്. ഫ്ലാറ്റ് കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന റഷീദ് യൂത്ത് കോൺഗ്രസ് പുതുക്കോട് മണ്ഡലം പ്രസിഡന്റായിരുന്നു. എ ജി സുരേഷ് വിയ്യൂരിലെത്തിയതുമുതലാണ് റഷീദിനെ ഒപ്പം കൂട്ടിയത്. അന്വേഷണത്തിൽ ഇയാൾ 223 മൊബൈൽ നമ്പരിലേക്ക് 1345 തവണ ഫോൺ ചെയ്തതായി കണ്ടെത്തി. നേരത്തേ ജയിൽ ഉദ്യോഗസ്ഥർ ഇയാളിൽനിന്ന് മൊബൈൽ ഫോൺ പിടികൂടിയിരുന്നു. എന്നാൽ, സൂപ്രണ്ട് ഇടപെട്ട് സംഭവം പുറത്തറിയാതെ ഒതുക്കി. കണ്ടെത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും ശ്രമിച്ചു. സൂപ്രണ്ടിന്റെ മുറിയിൽനിന്നാണ് ഫോൺ ചാർജ് ചെയ്തിരുന്നെന്നാണ് റഷീദിന്റെ മൊഴി. സൂപ്രണ്ടിന്റെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്ന സംശയം ഡിഐജിയുടെ റിപ്പോർട്ടിലുണ്ട്. ഒപ്പം വിയ്യൂർ ജയിലിലെ കുളം നിർമാണത്തിലെ അഴിമതിയിലും സൂപ്രണ്ടിന് പങ്കുള്ളതായി റിപ്പോർട്ടിലുണ്ട്. ജയിലിനുള്ളിൽ കുളം നിർമിക്കാൻ പാടില്ല. ഇത് മറികടന്നായിരുന്നു നടപടി. നിർമാണത്തിനാവശ്യമായ സാമഗ്രികൾ പലതും സംഭാവനയായി ലഭിച്ചിട്ടുണ്ട്. അതിന്റെ പണവും വകുപ്പിൽനിന്ന് ഇടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
രണ്ടാമതും നോട്ടീസ്
വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ ജി സുരേഷിന് വീണ്ടും വിശദീകരണ നോട്ടീസ്. ജയിൽ മേധാവി ഷേക് ദർവേഷ് സാഹെബാണ് വിശദീകരണം ആവശ്യപ്പെട്ടത്. ജയിലിൽ ഇദ്ദേഹം പരിശോധന നടത്തിയിരുന്നു. ഉത്തരമേഖലാ ജയിൽ മേധാവി വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായാണ് ആദ്യം വിശദീകരണം ചോദിച്ചത്.