ദുബായ്
രണ്ടാം ഐപിഎൽ മത്സരത്തിനിറങ്ങിയ വെങ്കിടേഷ് അയ്യർക്കൊപ്പം രാഹുൽ ത്രിപാഠിയും തകർപ്പൻ അർധ സെഞ്ചുറി നേടിയപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഗംഭീരജയം. ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റിന്റെ അവിശ്വസനീയ തോൽവി. സ്കോർ: മുംബൈ 6–-155, കൊൽക്കത്ത 3–-159.
ത്രിപാഠി 42 പന്തിൽ 74 റണ്ണുമായി പുറത്താകാതെനിന്നു. എട്ട് ഫോറും മൂന്ന് സിക്സറും പറത്തി. മധ്യപ്രദേശിൽനിന്നുള്ള യുവ ഓപ്പണർ അയ്യർ 30 പന്തിൽ 53 റണ്ണെടുത്തു. നാല് ഫോറും മൂന്ന് സിക്സറും. ശുഭ്മാൻ ഗിൽ (13) പുറത്തായശേഷം എത്തിയ ത്രിപാഠി അയ്യർക്ക് നല്ല കൂട്ടായി. ഇരുവരും ട്രെന്റ് ബോൾട്ടിനെയും ജസ്പ്രീത് ബുമ്രയെയും പേടിയില്ലാതെ നേരിട്ടു. രണ്ടാംവിക്കറ്റിൽ ഇവർ 88 റൺ നേടി. ക്യാപ്റ്റൻ ഇയോവിൻ മോർഗൻ ഏഴ് റണ്ണെടുത്തു. മൂന്ന് വിക്കറ്റും ബുമ്രയ്ക്കാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത മുംബൈയ്ക്ക് വിക്കറ്റ്കീപ്പർ ക്വിന്റൺ ഡീകോക്ക് (42 പന്തിൽ 55) തുണയായി. പരിക്കിനുശേഷം തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ 30 പന്തിൽ 33 റണ്ണടിച്ച് പുറത്തായി. അതിനിടെ കൊൽക്കത്തയ്ക്കെതിരെ 1000 റണ്ണെന്ന നേട്ടം കൈവരിച്ചു. ഐപിഎല്ലിൽ ഒരു ടീമിനെതിരെ 1000 റണ്ണടിച്ച ആദ്യ കളിക്കാരനാണ്.
സൂര്യകുമാർ യാദവും (5) ഇഷാൻ കിഷനും (14) വേഗം മടങ്ങി. കീറൻ പൊള്ളാർഡും (21), ക്രുണാൽ പാണ്ഡ്യയും (12) ചേർന്നെടുത്ത 30 റണ്ണാണ് സ്കോർ 150 കടത്തിയത്. പ്രസിദ്ധ് കൃഷ്ണയും ലോക്കി ഫെർഗൂസനും രണ്ടു വിക്കറ്റുവീതം നേടി.