വിഷയത്തിൽ ശക്തമായ നടപടിയും ഇടപെടലും ഉണ്ടാകണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവാദം ഉണ്ടായിട്ടും മുസ്ലിം സംഘടനകൾ പക്വതയോടെയാണ് പ്രതികരിച്ചത്. ഇത് സ്വാഗതാര്‍ഹമാണ്. എന്നാൽ വിഷയത്തിൽ സര്‍ക്കാര്‍ നിസംഗത പാലിക്കുന്നതിൽ പ്രതിഷേധമുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Also Read:
അതേസമയം ബിഷപ്പിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. “നിർഭാഗ്യകരമായ ഒരു പരാമർശം അതിലൂടെ നിർഭാഗ്യകരമായ ഒരു വിവാദം നമ്മുടെ നാട്ടിൽ ഉയർന്നുവന്നു. ഈ ഘട്ടത്തിൽ അത്യന്തം നിർഭാഗ്യകരമായ രീതിയിൽ വിവാദം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ വലിയ തോതിൽ ശ്രമിക്കുകയുമാണ്. ഇപ്പോൾ രണ്ട് പ്രശ്നങ്ങളാണ്. ലവ് ജിഹാദ്, മറ്റൊന്ന് നാർക്കോട്ടിക്ക് ജിഹാദ്. ഇതിൽ പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീകൊടുത്ത് നമ്മുടെ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപ്പര കക്ഷികളുടെ വ്യാമോഹം അത് വ്യാമോഹമായിത്തന്നെ അവസാനിക്കുകയേ ഉള്ളൂ.” മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ ചിലർ പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്ക് വസ്തുതയുടെ പിൻബലമില്ല. കേരളത്തിലെ മതപരിവർത്തനം, മയക്കുമരുന്ന് കേസുകൾ ഇവയിലെല്ലാം ഉൾപ്പെട്ട ആളുകളുടെ വിവരങ്ങൾ വിലയിരുത്തിയാൽ ന്യൂനപക്ഷ മതങ്ങൾക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ലെന്ന് മനസിലാക്കാൻ സാധിക്കും. ഈ പ്രശ്നം ശ്രദ്ധയിൽ വന്നപ്പോൾ തന്നെ പറഞ്ഞത് ആവർത്തിക്കുകയാണ്. ഇതിലൊന്നിലും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയിൽ പെടുത്താൻ കഴിയുകയുമില്ല. ക്രിസ്തു മതത്തിൽ നിന്നും ആളുകളെ ഇസ്ലാം മതത്തിലേക്ക് കൂടുതലായി പരിവർത്തനം ചെയ്യുന്നു എന്നുള്ള ആശങ്കയും അടിസ്ഥാന രഹിതമാണ്. നിർബന്ധിത മതപരിവർത്തനം നടത്തിയത് സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തീവ്ര നിലപാടുകളുടെ പ്രചാരകര്‍ക്കും അവയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും സ്ഥാനമില്ലാത്ത സമൂഹമാണ് നമ്മുടേത്. തെറ്റായ പ്രവണതകൾ ഏത് തലത്തിൽ നിന്ന് ഉണ്ടായാലും നിയമപരമായി നേരിടും. പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ സർക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. വിഷയത്തിൽ ഓരോരുത്തരും അവരവരുടേതായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. അതിനുള്ള പൊതുവായ അഭ്യര്‍ത്ഥനയാണ് നടത്തുന്നത്. മതങ്ങൾ തമ്മിൽ ഭിന്നത വളര്‍ത്തുന്ന ശക്തികളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. പാലാ ബിഷപ്പിന് പിന്തുണ നൽകാനല്ല മന്ത്രി വാസവൻ പോയത്. പാലാ ബിഷപ്പിനെ പിന്തുണയ്ക്കുന്ന നിലപാടല്ല സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സര്‍വ്വകക്ഷി യോഗമല്ല വേണ്ടത്. ഓരോ കക്ഷിയും അവരവരുടേതായ ഇടങ്ങളിൽ വെച്ച് വിഷയത്തിലുള്ള നിലപാട് സ്വീകരിക്കുക. അവര്‍ ബന്ധപ്പെട്ട ആളുകളെ തെറ്റ് തിരുത്താൻ പ്രേരിപ്പിണം. മതനിരപേക്ഷമായി ചിന്തിക്കുന്നവര്‍ക്ക് വിഷയത്തിൽ ഒരേ അഭിപ്രായമാകും ഉണ്ടാകുക. അവര്‍ ആ അഭിപ്രായം നാട്ടിൽ പ്രചരിപ്പിക്കുന്നത് നന്നാകുമെന്നും അദ്ദേഹം വ്യക്തമാക്കി.