കരകുളം > വ്യാവസായിക രംഗത്ത് ഇലക്ട്രോണിക്സ് മേഖലയ്ക്ക് ഊന്നൽ നൽകുമെന്നും കെൽട്രോണിനെ കൂടുതൽ മികവിലേക്ക് ഉയർത്തുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി കെൽട്രോൺ നിർമിച്ച പൾസ് ഓക്സിമീറ്റർ, ശ്രവൺ മിനി ഹിയറിങ് എയ്ഡ്, സോളാർ പമ്പ് കൺട്രോളർ, 5 കെവിഎ യുപിഎസ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളം മാത്രമാണ് ഇന്ന് പൊതുമേഖലയെ സംരക്ഷിക്കുന്നത്. അത് വിജയകരമായ ബദലാണെന്നു ബോധ്യപ്പെടുത്താൻ അവയെല്ലാം ലാഭകരമാക്കണം. പൊതുമേഖലയുടെ സംരക്ഷണം ജീവനക്കാരുടെയും സംഘടനകളുടെയും മാത്രം ചുമതലയല്ല. സർക്കാർ, മാനേജ്മെന്റ്, ജീവനക്കാർ, തൊഴിലാളികൾ, സംഘടനകൾ എല്ലാവരും ചേർന്നാൽ വലിയ മാറ്റം ഈ മേഖലയിൽ കൊണ്ടുവരാൻ കഴിയും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് യു ലേഖ റാണി, വാർഡംഗം എസ് സുരേഷ് കുമാർ, കെൽട്രോൺ ചെയർമാനും എംഡിയുമായ എൻ നാരായണമൂർത്തി, ചീഫ് ജനറൽ മാനേജർമാരായ ബെറ്റി ജോൺ, കെ ഉഷ, പ്ലാനിങ് മേധാവി സുബ്രഹ്മണ്യം, ആർ സുനിൽ, ആർ ചന്ദ്രശേഖരൻ, കെ പി ശങ്കർദാസ്, വി സി ബിന്ദു എന്നിവർ സംസാരിച്ചു.