തിടനാട് : അവിവാഹിതരായ യുവതീയുവാക്കൾക്ക് മാര്യേജ് ഡയറിയുമായി തിടനാട് പഞ്ചായത്ത്. പഞ്ചായത്തിലുള്ളവർക്ക് പുറമേ കേരളത്തിലെവിടെയുമുള്ള യുവതീയുവാക്കൾക്ക് ഇവിടെ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
ആരംഭഘട്ടത്തിൽ പഞ്ചായത്തംഗങ്ങൾ നേരിട്ടാണ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നത്. ഓരോ രജിസ്ട്രേഷനും വിശദമായി പരിശോധിച്ച് അനുയോജ്യമായ വ്യക്തികളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. അംഗത്വമെടുക്കുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് മാര്യേജ് ഡയറി ഓൺലൈൻ സംവിധാനത്തിലേക്ക് കൊണ്ടുവരും. പഞ്ചായത്തിലെ എല്ലാ വാർഡിലും നടത്തിയ സർവേയിൽ വിവാഹപ്രായം കഴിഞ്ഞ് വിവാഹം കഴിക്കാതെ നിൽക്കുന്നവരുടെയും ചെറുപ്രായത്തിൽ വിധവകളായ പെൺകുട്ടികളുടെയും എണ്ണവും കൂടുതലായി കണ്ടെത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്യേജ് ഡയറി എന്ന ആശയത്തിലേക്ക് പഞ്ചായത്തെത്തിയത്. വിവാഹപ്രായം കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന വിധവകൾക്കും ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഈ രജിസ്റ്റർ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളുമായി ഇത് ബന്ധപ്പെടുത്തിയാണ് ചെയ്യുന്നത്. ആദ്യദിനം തന്നെ പഞ്ചായത്തിന് പുറത്തുനിന്നുള്ള നൂറിലധികം പേർ അംഗത്വമെടുത്തതായി മാര്യേജ് ഡയറി കോ-ഓർഡിനേറ്റർ ഷെറിൻ പെരുമാകുന്നേൽ പറഞ്ഞു.
വിവരങ്ങൾ അയയ്ക്കേണ്ട നമ്പർ
വാട്സ്ആപ് നമ്പർ- ഷെറിൻ പെരുമാകുന്നേൽ, തിടനാട് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ-9847998258
വിജി ജോർജ് തിടനാട് പഞ്ചായത്ത് പ്രസിഡന്റ്-9447055996,
മിനി ബിനോ മുളങ്ങാശേരിയിൽ വൈസ് പ്രസിഡന്റ്-9744169180,
ലീനാ ജോർജ് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ-9562765051,
ഓമന രമേശ് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ-9645258128.
Content Highlights: Thidanadu grama panchayat in Kottayam district has opened a marriage diary