ഇടുക്കി> ഓണത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ തുറന്നെങ്കിലും കോവിഡ് കാലമായതിനാല്‍ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ആഗസ്ത് 14 മുതല്‍ തുറന്ന ഡാം കാണാനെത്തിയത് ആകെ 25000 പേര്. സാധാരണ വിദേശികളുള്‍പ്പെടെ മൂന്നിരട്ടി പേര് എത്താറുള്ളതാണ്. ഒക്ടോബര്‍ 16വരെ ഡാം കാണാന്‍ അവസരമുണ്ട്.
ഒരുമാസം പിന്നിടുമ്പോള്‍ വരുമാനത്തിലും വലിയ കുറവുണ്ടായി. ഇക്കാലയളവില്‍ 26 ലക്ഷം രൂപയാണ് വരുമാനം. കോവിഡ് കാലമായതിനാല്‍ സംസ്ഥാനത്തുള്ളവര്‍ മാത്രമാണ് എത്തുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ഫീസ്. എട്ടുപേര്‍ക്ക് കയറാവുന്ന ബഗ്ഗികാറില്‍ കയറാന്‍ 600 രൂപയാണ് നിരക്ക്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പേര് എത്തുമെന്ന പ്രതീക്ഷയിലാണ് ഹൈഡല്‍ ടൂറിസം വകുപ്പ്.