തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ തിന്മമകളെ ഏതെങ്കിലും മതവുമായി ചേർത്തുവയ്ക്കരുതെന്നും ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്യം തന്നെ അമൃതംശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹ്യ തിന്മകൾക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നൽകുന്ന പ്രവണതകൾ മുളയിലെ നുള്ളികളയണം. സാമൂഹ്യതിന്മകൾക്ക് നേതൃത്വം നൽകുന്നത് സമൂഹത്തിന്റെ പൊതുവായ താത്പര്യങ്ങൾക്ക് വിരുദ്ധമായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്. അതിനെ ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രമായി ചേർത്ത് ഉപമിക്കരുത്. ഇത് സമൂഹത്തിലെ വേർതിരിവുകൾ വർധിക്കുവാൻ മാത്രമേ ഉപകരിക്കു. തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ തീവ്രവാദ പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തികാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കും. ജാതിക്കും അതീതമായി ചിന്തിക്കാനും ജീവിക്കാനും പഠിപ്പിച്ച ഗുരുവിന്റെ ഓർമ പുതുക്കുന്ന ഈ ദിനത്തിൽ ജാതിയേയും മതത്തേയും വിഭജനത്തിനുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കുമെന്ന പ്രതിജ്ഞയാണ് എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights:CMs comments against pala bishops controversial statement