തൃശ്ശൂർ: ഡിജിറ്റൽ പെയിന്റിങ് മേഖലയലയിൽ ശ്രദ്ധേയനാവുകയാണ് തൃശ്ശൂർ സ്വദേശിയായ ലിജോ. ചിത്രകാരനായി അറിയപ്പെടാൻ ആഗ്രഹിച്ചിരുന്ന ലിജോ യാദൃച്ഛികമായാണ് ഡിജിറ്റൽ പെയിന്റിങ്ങിലേക്ക് എത്തിയത്.
ചെറുപ്പം മുതൽ ചിത്രംവരയോടും സാങ്കേതിക വിദ്യകളോടും താത്പര്യമുണ്ടായിരുന്നതുകൊണ്ട് ബിഎഎസ്സി മൾട്ടി മീഡിയ എടുത്തു. ഇതിലൂടെ ഗ്രാഫിക്സും പെയിന്റിങ്ങും കൂടുതൽ ഗൗരവത്തോടെ പഠിക്കാൻ തുടങ്ങി.
കോവിഡ് വ്യാപനവും ലോക്ഡൗണും വന്നതോടെയാണ് പെയിന്റിങ്ങിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോൾ തന്റെ പെയിന്റിങ്ങുകൾ സിനിമാ താരങ്ങൾ അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിന്റെ സന്തോഷത്തിലാണ് ലിജോ.
ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ലിജോ പെയിന്റിങ്ങുകൾ പങ്കുവെക്കുന്നത്. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് ഷെയർ ചെയ്തതോടെയാണ് താരങ്ങളെ വെച്ച് ഡിജിറ്റൽ പെയിന്റിങ് ചെയ്തുതുടങ്ങിയത്. ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങൾ പെയിന്റിങ്ങുകൾ ഷെയർ ചെയ്തതിന്റെ സന്തോഷത്തിലാണ് ലിജോ.
ഏറ്റവും നല്ല പെയിന്റിങ് വിജയ് ബാബുവിന്റേതായിരുന്നു. അദ്ദേഹം പെയിന്റിംഗ് കണ്ട് ഇഷ്ടപ്പെട്ട് അഭിനന്ദിച്ചതോടെ ഇനി ഈ മേഖലയെ ഗൗരവത്തോടെ സമീപിക്കാനാണ് ലിജോയുടെ തീരുമാനം.
മൂന്നുമുതൽ നാല്മണിക്കൂർ വരെ സമയമെടുത്താണ് ഒരു ഫോട്ടോ ഡിജിറ്റൽ പെയിന്റാക്കി മാറ്റുന്നത്. ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തി സെലിബ്രിറ്റി മേഖലകളിലേക്കും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലിജോയുടെ ഭാവി പദ്ധതികൾ. ആവശ്യക്കാർക്ക് അവർ ആവശ്യപ്പെടുന്ന ചിത്രങ്ങൾ ഡിജിറ്റലാക്കി മാറ്റി നൽകുമെന്നും ലിജോ പറയുന്നു.
Content Highlights: Lijos digital painting hit