സീതത്തോട് (പത്തനംതിട്ട):സീതത്തോട് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ മുൻഭരണസമിതിയുടെ വീഴ്ചകൾ മറച്ചുവെക്കാൻ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് സസ്പെൻഷനിലായ മുൻ സെക്രട്ടറി കെയു ജോസ്.
സാമ്പത്തിക ക്രമക്കേട് നടന്ന കാലത്ത് ബാങ്ക് സെക്രട്ടറിയുടെ സ്ഥാനത്ത് ഉണ്ടായിരുന്നില്ല. ബാങ്കിന്റെ മുഴുവൻ കാര്യങ്ങളും സിപിഎമ്മിനും കോന്നി എംഎൽഎ കെ.യു ജനീഷ് കുമാറിനുമാണ് അറിയാവുന്നത്. എംഎൽഎ അറിയാതെ ബാങ്കിൽ ഒരു നടപടിയും നടക്കില്ലെന്നും കെ.യു ജോസ് പറഞ്ഞു. സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎൽഎ തന്നെ പ്രതിയാക്കാൻ ശ്രമിക്കുന്നു. സസ്പെൻഷൻ നടപടിയെ നിയമപരമായി നേരിടും. സാമ്പത്തിക ക്രമക്കേട് വിഷയം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കെ.യു ജോസ് കൂട്ടിച്ചേർത്തു.
2013 മുതൽ 2018-വരെ ബാങ്കിൽ 1.63 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ബാങ്ക് ഭരണസമിതിയുടെ ആരോപണം. സി.പി.എം.ആണ് ബാങ്ക് ഭരിക്കുന്നത്. ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും സമരം നടക്കുകയാണ്. സെക്രട്ടറി 2013-18 കാലയളവിൽ 1,62,89,007 രൂപയുടെ തിരിമറി നടത്തിയതായാണ് ഇദ്ദേഹത്തിന് നൽകിയ നോട്ടീസിൽ പറയുന്നത്. സി.പി.എം. ലോക്കൽ കമ്മിറ്റി മുൻസെക്രട്ടറിയും ഗ്രാമപ്പഞ്ചായത്ത് അംഗവുമായിരുന്ന കെ.യു.ജോസ് നിലവിൽ സി.പി.എം. ആങ്ങമൂഴി ലോക്കൽ കമ്മിറ്റിയംഗവും സീതത്തോട്ടിലെ സി.പി.എമ്മിന്റെ പ്രധാന നേതാക്കളിലൊരാളുമാണ്.
സാമ്പത്തിക ക്രമക്കേട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് മുൻഭരണസമിതിക്കും എംഎൽഎയ്ക്കുമെതിരേ ആരോപണവുമായി കെ.യു ജോസ് രംഗത്തെത്തിയത്.
സീതത്തോട് സഹകരണബാങ്ക് ക്രമക്കേട്, സെക്രട്ടറിക്ക് സസ്പെൻഷൻ, എംഎൽഎയ്ക്കെതിരേ ആരോപണം ……