തിരുവനന്തപുരം
സെപ്തംബർ 27ലെ ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തിൽ പ്രഖ്യാപിച്ച ഹർത്താൽ വിജയിപ്പിക്കാൻ ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർഥിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര -വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കാൻ എല്ലാ വിഭാഗം തൊഴിലാളികളോടും അഭ്യർഥിച്ചു. മോട്ടോർമേഖലയിൽ തൊഴിലാളി സംഘടനകളും പണിമുടക്കും.
പത്തുമാസമായി ഇന്ത്യയിലെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാൻ നടപടി സ്വീകരിക്കാത്ത ബിജെപി സർക്കാരിന്റെ നിലപാടിനെതിരെയാണ് ഭാരത് ബന്ദ്. 22ന് സംസ്ഥാനത്ത് പ്രധാന തെരുവുകളിൽ ജ്വാല തെളിച്ച് ഹർത്താൽ വിളംബരം ചെയ്യും. സഹകരിക്കാൻ 26ന് കടകളിലെത്തി അഭ്യർഥിക്കും.
പത്രം, പാൽ, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കി. ഹർത്താൽ ദിവസം രാവിലെ എല്ലാ തെരുവിലും കോവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധ ശൃംഖല സംഘടിപ്പിക്കുമെന്നും ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രസിഡന്റ് ആർ ചന്ദ്രശേഖരനും സെക്രട്ടറി എളമരം കരീമും കൺവീനർ കെ പി രാജേന്ദ്രനും പറഞ്ഞു.