കൊച്ചി
കാക്കനാട് ഫ്ലാറ്റിൽനിന്ന് എംഡിഎംഎ പിടിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ, ഷബ്ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്സൽ, കാസർകോട് സ്വദേശി മുഹമ്മദ് അജ്മൽ എന്നിവരെയാണ് കാക്കനാട് സബ് ജയിലിലെത്തി അറസ്റ്റ് ചെയ്തത്. മാൻകൊമ്പ് കൈവശംവച്ച കുറ്റത്തിന് വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കാക്കനാട്ടെ അപ്പാർട്മെന്റിൽ എക്സൈസും കസ്റ്റംസും ചേർന്ന് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത മാൻകൊമ്പ് വനംവകുപ്പിന് കൈമാറിയിരുന്നു. തുടർന്ന് മയക്കുമരുന്ന് കേസിൽ ആദ്യം അറസ്റ്റിലായ അഞ്ചുപേരെ പ്രതിചേർത്ത് വനംവകുപ്പ് കേസെടുക്കുകയായിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ പറഞ്ഞു.
ഏജന്റുമാരെ പിടികൂടാൻ *ചെന്നൈയിലേക്ക്
മയക്കുമരുന്നുകേസിലെ ഏജന്റുമാരെ പിടികൂടാൻ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിലേക്ക് ഉടൻ പുറപ്പെടും. ചെന്നൈ പൊലീസുമായി ചേർന്നാകും നീക്കം. എംഡിഎംഎ കൈമാറാൻ ഒന്നിലേറെ ഏജന്റുമാർ ചെന്നൈയിൽ ഉണ്ടായിരുന്നെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ട്രിപ്ലിക്കെയ്ൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ ചെന്നൈ നഗരത്തിലുള്ളവരാണെന്നാണ് കരുതുന്നത്.
ഒരാള് അറസ്റ്റില്
എംഡിഎംഎ പിടിച്ച കേസിൽ പ്രതികളെ സാമ്പത്തികമായി സഹായിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് കാരപ്പറമ്പ് ഡൗഡെയിലിൽ ദീപേഷാണ് (24) എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതികൾക്ക് സാമ്പത്തികസഹായം നൽകിയവരിൽ പ്രധാനിയാണ് ദീപേഷെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമീഷണർ ടി എം കാസിം പറഞ്ഞു. ബാങ്ക് അക്കൗണ്ടുവഴി 32 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ രേഖകൾ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ദീപേഷിന്റെ പേരിൽ ക്രിമിനൽ കേസുകൾ ഉള്ളതായും എക്സൈസ് ക്രൈംബ്രാഞ്ച് പറഞ്ഞു.