തിരുവനന്തപുരം
അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിദിനം വ്യാഴാഴ്ച സമുചിതം ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു. കോവിഡ് മാനദണ്ഡം പാലിച്ച് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കണം. 1972 സെപ്തംബർ 23നാണ് കോൺഗ്രസിന്റെ പിന്തുണയോടെ തീവ്രവാദത്തിന്റെ പൊയ്മുഖമണിഞ്ഞ സംഘം അഴീക്കോടനെ അരുംകൊല ചെയ്തത്. കമ്യൂണിസ്റ്റ് പാർടിയും വർഗ ബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിനും നയിക്കുന്നതിനും സുപ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തെപ്പോലെ കർമധീരന്മാരായ നേതാക്കൾ കാട്ടിയ പാതയിലൂടെയാണ് പ്രസ്ഥാനവും എൽഡിഎഫ് സർക്കാരും മുന്നോട്ടുനീങ്ങുന്നത്. ദേശാഭിമാനിയെ ബഹുജന പത്രമാക്കുന്നതിന് അഴീക്കോടൻ സവിശേഷമായി ഇടപെട്ടു.
സഖാവിന്റെ അനുസ്മരണ ദിനമായ 23 മുതൽ സി എച്ച് കണാരൻ അനുസ്മരണ ദിനമായ ഒക്ടോബർ 20 വരെ ദേശാഭിമാനി പ്രചാരണം നടക്കുകയാണ്. പത്രത്തിന് പുതിയ വരിക്കാരെ കണ്ടെത്തുന്ന പ്രവർത്തനങ്ങളിൽ പാർടിയുടെ എല്ലാ ഘടകങ്ങളും സജീവമായി പങ്കുചേരണം.
പ്രതിബന്ധങ്ങളെ തട്ടിനീക്കി വികസനപന്ഥാവിലൂടെ അതിവേഗം കുതിക്കുകയാണ് കേരളം. വികസനരംഗത്തുമാത്രമല്ല, സാമൂഹ്യജീവിതത്തിലും കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. എന്നാൽ, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാകട്ടെ ജനവിരുദ്ധനയം തുടരുകയാണ്. സാധാരണ ജനങ്ങളുടെ ജീവിതം ദുഷ്കരമായി. എല്ലാ രംഗത്തും രാജ്യത്ത് മുരടിപ്പാണ്.
കേരളത്തിൽ മാതൃകാഭരണം കാഴ്ചവയ്ക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജനകീയ അടിത്തറ ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് അഴീക്കോടന്റെ സ്മരണ കരുത്താകുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.