ഹൈദരാബാദ് : സൈമ പുരസ്കാര വേദിയിൽ നിറസാന്നിധ്യവും ശ്രദ്ധേയനുമായി മലയാളികളുടെ പ്രിയ യുവനായകൻ നിവിൻ പോളി.
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ മൂത്തോന് എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച നടനുള്ള സൈമ പുരസ്കാരം കരസ്ഥമാക്കിയ നിവിന്റെ കഴിവിന് കിട്ടിയ കൈയ്യടി താടിയും മുടിയും നീട്ടി വളര്‍ത്തിയെത്തിയ അദ്ദേഹത്തിന്റെ ലുക്കിനും കിട്ടിയെന്നതാണ് ഏറെ ശ്രദ്ധേയം. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന് പൊതുവാള് ഒരുക്കുന്ന ‘കനകം കാമിനി കലഹം’ ലിജു കൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘പടവെട്ട്’ രാജീവ് രവിയുടെ ‘തുറമുഖം’ എന്നീ ചിത്രങ്ങളാണ് നിവിന്റെതായി പുറത്തു വരാനുള്ളത്.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ചിത്രമാണ് ‘മൂത്തോൻ’ .ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര് പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്ത മൂത്തോൻ നിവിൻ പോളിയിൽ നിന്നും ശ്രദ്ധേയമായ മികച്ച കഥാപാത്രങ്ങൾ ഇനിയും പ്രതീക്ഷിക്കാം എന്ന ഒരു ഉറപ്പാണ് മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.