ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിർത്ത് വീണ്ടും ഇ.ഡി. ശക്തമായ വാദങ്ങളാണ് ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നയിക്കുന്നത്. ബിസിനസ് സംരംഭങ്ങളെ മറയാക്കി ബിനീഷ് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചുവെന്നും ആദായ നികുതി റിട്ടേൺ സമർപ്പിക്കാതെ കോടികൾ ഒഴുക്കിയെന്നതുമാണ് പ്രധാന ആരോപണങ്ങൾ.
കേസുമായി ബന്ധപ്പെട്ട രണ്ട് പേരെ കൂടി ഇനിയും ചോദ്യം ചെയ്യാനുണ്ട്. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ സുഹൃത്ത് അരുൺ എന്നിവരെ പല തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരാകാത്തത് ദുരൂഹമാണ്. ബിനീഷിന് വേണ്ടിയുള്ള ബാങ്ക് നിക്ഷേപങ്ങൾ നടത്തിയ വ്യക്തിയാണ് അനിക്കുട്ടൻ. അതുകൊണ്ട് തന്നെ ഇയാളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ഇ.ഡി കർണാടക ഹൈക്കോടതിയെ അറിയിച്ചത്.
ബിസിനസ് സംരംഭങ്ങളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചിരിക്കുന്നത്. ഗൾഫിൽ പോയി വിവിധ ബിസിനസുകൾ ചെയ്ത് നിയമപരമായിട്ടാണ് പണം സമ്പാദിച്ചതെന്നാണ് ബിനീഷ് കോടിയേരി വാദിക്കുന്നതെങ്കിലും ഇതിനൊന്നും ഒരു തെളിവോ രേഖകളോ സമർപ്പിക്കാൻ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നും ഇ.ഡി ജാമ്യാപേക്ഷയെ എതിർത്ത് വാദിച്ചു.ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഈ കേസിൽ ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
Content Highlights: ED against Bineesh Kodiyeri`s bail application