കൊല്ലം: മുൻ കൊല്ലം ജില്ലാ കളക്ടർക്കെതിരേ കെ.ബി ഗണേഷ് കുമാർ എംഎൽഎ. ഫെയ്സ്ബുക്ക് ലൈവ് ഇടാനല്ലാതെ മുൻ കളക്ടർ ബി. അബ്ദുൽ നാസറിനെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടായിരുന്നില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം മണ്ഡലത്തിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാറിന്റെ വിമർശനം.
പട്ടയവിതരണം ശരിയായി നടക്കാത്തതിനെതിരേ ഗണേഷ് കുമാറിനെതിരേ വലിയ തോതിലുള്ള വിമർശനങ്ങളും ഉണ്ടായിരുന്നു. എംഎൽഎയുടെ കഴിവുകേടാണ് ഇതിന് കാരണമെന്ന വിമർശനം പലരും ഉന്നയിച്ചിരുന്നു. ഇതിനെതുടർന്ന് നടന്ന പട്ടയമേളയിലാണ് കളക്ടറേക്കുറിച്ച് ഗണേഷ് കുമാർ വലിയ വിമർശനം ഉന്നയിച്ചത്.
പാതിരാത്രിയിൽ ഫെയ്സ്ബുക്ക്ലൈവ് ഇടാൻ മാത്രമേ മുൻ കളക്ടർക്ക് സാധിച്ചിരുന്നുള്ളൂ എന്നും അതുകൊണ്ടുതന്നെ കളക്ടർ വിളിക്കുന്ന പല യോഗങ്ങളിലും താൻ പങ്കെടുത്തിരുന്നില്ല. യോഗങ്ങളിലൊന്നും വലിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. പുതിയ കളക്ടർ എത്തിയ സാഹചര്യത്തിൽ അദ്ദേഹവുമായി ആലോചിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഗണേഷ് കുമാറിന്റെ വിമർശനത്തിനു പിന്നാലെ മുൻ കളക്ടർ ബി. അബ്ദുൽ നാസർ തന്റെ ഫെയ്സ്ബുക്ക് പേജിൽ പരോക്ഷമായി എംഎൽഎയെ വിമർശിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. താൻ കളക്ടറായിരുന്ന സമയത്ത് തനിക്കെതിരേ വിമർശനങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും ആളില്ലാത്ത പോസ്റ്റിൽ കയറി ഗോളടിക്കാൻ നോക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക്കുറിപ്പിൽ പരിഹസിച്ചിരുന്നു. പിന്നീട് അദ്ദേഹം ഫെയ്സ്ബുക്ക്പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
Content Highlights:K B Ganesh Kumar,kollam collector