തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിവിധ മത നേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കർദിനാൾ മാർ ബസേലിയോസ്ക്ലിമീസ് ബാവയുടെ അധ്യക്ഷതയിലാണ് വൈകിട്ട് യോഗം നടക്കുക. മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു മത നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
സർക്കാർ വിഷയത്തിൽ ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിക്കുന്നതിനിടയിലാണ് പ്രശ്നപരിഹാരത്തിന് മതമേലധ്യക്ഷൻമാരുടെ യോഗം നടക്കുന്നത്. ചങ്ങനാശ്ശേരി ബിഷപ് മാർ പെരുന്തോട്ടം, ആർച്ച് ബിഷപ് സൂസൈ പാക്യം, ധർമരാജ് റസാലം, പാളയം ഇമാം വി. പി. സുഹൈബ് മൗലവി, പാണക്കാട് മുനവറലി തങ്ങൾ, ഗുരു രത്നം ജ്ഞാനതപസ്വി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്.
പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടർന്നുണ്ടായിട്ടുള്ള എല്ലാവിധ തർക്കങ്ങളും പരിഹരിക്കുക, സാമുദായിക സൗഹാർദ അന്തരീക്ഷം ഉണ്ടാക്കാനുള്ള ഇടപെടൽ നടത്തുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് യോഗം വിളിച്ചിരിക്കുന്നത്.
Content Highights:Pala Bishops Remark: religious leaders Meeting today