തൃശ്ശൂർ: കരുവന്നൂരിൽനിന്ന് കാണാതായ സിപിഎം മുൻ പ്രാദേശിക നേതാവ് സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തി. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന സുജേഷിനെ ശനിയാഴ്ച രാത്രി മുതലാണ് കാണാതായത്. സിപിഎം മുൻ പ്രാദേശിക നേതാവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.
അദ്ദേഹത്തിന്റെ സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ച പുലർച്ചെ സുജേഷ് വീട്ടിൽ തിരിച്ചെത്തി. കണ്ണൂർവരെ പോയി എന്നാണ് പുലർച്ചെ ഒന്നരയോടെ വീട്ടിൽ തിരിച്ചെത്തിയ സുജേഷ് ബന്ധുക്കളോട് പറഞ്ഞത്. തന്റെ യാത്രയും ബാങ്കിലെ പ്രശ്നങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. വീട്ടുകാർ ഭയപ്പെട്ടതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് വിഷയത്തിൽ സിപിഎമ്മിനെതിരെ ശക്തമായി രംഗത്ത് വന്നയാളാണ് സുജേഷ് കണ്ണാട്ട്. പാർട്ടിയിൽ ഉള്ളവർ തന്നെ ബാങ്ക് തട്ടിപ്പിന് നേതൃത്വം വഹിക്കുന്നു എന്ന് സിപിഎം ബ്രാഞ്ച് യോഗത്തിൽ ഉൾപ്പെടെ അദ്ദേഹം പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം പാർട്ടിയിൽ ഒറ്റപ്പെട്ടിരുന്നു. രണ്ട് മാസം മുമ്പ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
ബാങ്കിൽ നിന്ന് 50 ലക്ഷത്തിൽ കൂടുതൽ വായ്പ എടുത്തവരിൽ പാർട്ടി അംഗങ്ങൾ ഉണ്ട് എന്നതിന്റെ തെളിവുകൾ ഉൾപ്പെടെ സുജേഷ് പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ ബാങ്ക് വായ്പ എടുത്തവർക്കും നിക്ഷേപം നടത്തിയവർക്കും നീതി ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടി ഒറ്റയാൾ പോരാട്ടം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഭീഷണികൾ ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പെട്ടെന്നുതന്നെ പരാതി നൽകിയതെന്നും വീട്ടുകാർ വിശദീകരിച്ചിരുന്നു.