തിരുവനന്തപുരം
വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതിന് പഴയ കെട്ടിടം പൊളിക്കാനുള്ള തടസ്സം നീക്കാൻ സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി. കേരള പുനർനിർമാണ പദ്ധതിയിലുൾപ്പെടുത്തി 225 വില്ലേജ് ഓഫീസ് സ്മാർട്ടാക്കാനാണ് ഭരണാനുമതി. ഇതിൽ 149 വില്ലേജിൽ നിലവിലെ കെട്ടിടം പൊളിച്ചു നീക്കണം. എന്നാൽ, പഴയ കെട്ടിടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച മതിപ്പുവില ഉയർന്നതായതിനാൽ ആരും ലേലത്തിൽ പങ്കെടുത്തില്ല. ഈ സാഹചര്യത്തിലാണ് ഉത്തരവ്.
പിഡബ്ല്യുഡിയോ മറ്റ് സർക്കാർ അംഗീകൃത ഏജൻസികളോ നിർവഹണ ഏജൻസികളായ, ടെൻഡർ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത എല്ലാ വില്ലേജ് ഓഫീസുകളുടെയും വില നിർണയം, ലേല നടപടി എന്നിവ പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കണം. ടെൻഡർ പ്രസിദ്ധീകരിച്ച വില്ലേജുകളിൽ പിഡബ്ല്യുഡി മതിപ്പുവില നിശ്ചയിക്കണം. പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയറുടെ സാന്നിധ്യത്തിൽ മുതൽ/ഉരുപ്പടി പട്ടിക തയ്യാറാക്കണം. അസിസ്റ്റന്റ് എൻജിനിയർ, വില്ലേജ് ഓഫീസർ, നിർവഹണ ഏജൻസിയുടെയോ കരാറുകാരന്റെയോ പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ഉത്തരവാദിത്വത്തിൽ പൊളിച്ചു നീക്കുന്ന വസ്തുക്കൾ സൂക്ഷിക്കണം. പിഡബ്ല്യുഡി മുഖേന ലേല നടപടി പൂർത്തിയാക്കണം.