കൊച്ചി
മതസൗഹാർദവും സമുദായ സാഹോദര്യവും സംരക്ഷിക്കണമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവനയിൽ പറഞ്ഞു. എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന കേരളീയ പാരമ്പര്യത്തിന് കോട്ടംതട്ടാൻ നാം അനുവദിക്കരുത്. മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്ന് സംശയിക്കുന്ന കാര്യങ്ങളിൽപ്പോലും വിവേകത്തോടും പരസ്പരബഹുമാനത്തോടുംകൂടി ചർച്ചകൾ നടത്തി പരിഹരിക്കണം.
ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും യഥാർഥ ലക്ഷ്യത്തിൽനിന്ന് മാറ്റിനിർത്തി വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണകൾക്കും ഭിന്നതകൾക്കും വഴിതെളിക്കും. ഇത്തരം പ്രവണതകൾക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണം.
എല്ലാ മതവിശ്വാസികളെയും ഒരുപോലെ ബഹുമാനിക്കണമെന്നും എല്ലാവരോടും സഹകരിക്കണമെന്നുമാണ് സഭയുടെ കാഴ്ചപ്പാട്. സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ ക്രൈസ്തവസഭകളോ സഭാശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. സഭയുടെ കാഴ്ചപ്പാടിൽനിന്ന് ഒരു സാഹചര്യത്തിലും വ്യതിചലിക്കാതിരിക്കാൻ സഭാംഗങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ വിവാദങ്ങളും അവസാനിപ്പിച്ച് പരസ്പരസ്നേഹത്തിലും സാഹോദര്യത്തിലും മുന്നേറണം. ഇതിനായി മതാചാര്യന്മാരും രാഷ്ട്രീയനേതാക്കളും സമുദായശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോട് സഹകരിക്കണമെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു.