തിരുവനന്തപുരം
ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന സമൂഹമാധ്യമ പ്രചാരണത്തെ തള്ളി സുരേഷ് ഗോപി എംപി. നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രനെ മാറ്റുമെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചും പാല ബിഷപ്പിനെ കണ്ടും എസ്ഐയിൽനിന്ന് സല്യൂട്ട് ചോദിച്ച് വാങ്ങിച്ചും സജീവമായിരുന്നു സുരേഷ്ഗോപി. അധ്യക്ഷനാകാനില്ലെന്നും അതിനുള്ള രാഷ്ട്രീയ വളർച്ച തനിക്കില്ലെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ജനകീയ പ്രവർത്തനം തുടരും. കൊള്ളാവുന്ന ആള് അധ്യക്ഷനായി വരും. കോഴ–- കള്ളപ്പണം കേസുകൾ തെരഞ്ഞെടുപ്പ് പരാജയം എന്നിവയിൽ കുടുങ്ങിയ കെ സുരേന്ദ്രനെ മാറ്റാൻ ദേശീയ നേതൃത്വത്തിൽ ധാരണയുണ്ട്. സജീവമായി പാർടി പ്രവർത്തനത്തിലില്ലാത്ത പ്രമുഖരെ ആരെയെങ്കിലും അധ്യക്ഷനാക്കാനാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിൽ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനെയാണ് അധ്യക്ഷനാക്കിയത്. തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻചുമതലപ്പെടുത്തിയതും മുതിർന്ന റിട്ട. ഉദ്യോഗസ്ഥരെയായിരുന്നു.