തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഓണം ബമ്പർ വിജയിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി TE 645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി സബ് ഓഫീസിന് കീഴിൽ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏജന്റ് മുരുകേഷ് തേവർ വിറ്റ ടിക്കറ്റിന്റെ ഉടമ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.
12 കോടി രൂപയിൽ 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
രണ്ടാം സമ്മാനമായ ഒരു കോടി രൂപ TE 177852, TA-945778, TC- 537460, TD- 642007, TB- 265947 എന്നീ നമ്പറിലുള്ള ടിക്കറ്റുകൾക്കും ലഭിക്കും.
ധനമന്ത്രി കെഎൻ. ബാലഗോപാൽഉദ്ഘാടനംനിർവഹിച്ചു. മറ്റ് സമ്മാനങ്ങളുടെ നറുക്കെടുപ്പ് പുരോഗമിക്കുകയാണ്.
300 രൂപയാണ് ഓണം ബമ്പർ ടിക്കറ്റിന്റെ വില.സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്. 2019 മുതലാണ് ബമ്പർ സമ്മാന തുക 12 കോടി രൂപയാക്കിയത്.
രണ്ടാം സമ്മാനമായി ആറു പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും.
ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന പരമാവധി ടിക്കറ്റുകളും അച്ചടിച്ചു എന്നതാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. 54 ലക്ഷം ടിക്കറ്റുകൾ ആകെ വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.
Content Highlights: Kerala onam bumper 2021 lottery result