മലപ്പുറം: ക്രമക്കേട് ആരോപണങ്ങൾ ഉയർന്ന എ.ആർ.നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. ക്രമക്കേടുകൾക്കെതിരേ മൊഴി നൽകിയവരടക്കം 23 പേരെ സ്ഥലംമാറ്റി. ചീഫ് അക്കൗണ്ടന്റിനെ തരംതാഴ്ത്തുകയും ചെയ്തു.
മെയിൻ ബ്രാഞ്ചിലെ ചീഫ് അക്കൗണ്ടന്റ്, എട്ട് ബ്രാഞ്ച് മാനേജർമാർ തുടങ്ങിയവർ അടക്കമുള്ള ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. ബാങ്കിലെ മൂന്ന് പേരൊഴികെ മുഴുവൻ പേരെയും സ്ഥലംമാറ്റിയെന്നാണ് വിവരം. ക്രമക്കേടുകളുമായി മൊഴികൊടുത്തവരെയാണ് ബാങ്കിൽനിന്ന് സ്ഥലംമാറ്റിയതെന്നും ഇത് പ്രതികാര നടപടിയാണെന്നും ജീവനക്കാർ ആരോപിക്കുന്നു.
സഹകരണ രജിസ്ട്രാറുടെ നിർദേശം അനുസരിച്ചാണ് സ്ഥലംമാറ്റമെന്നാണ് ബാങ്ക് ഭരണസമിതിയുടെ വശദീകരണം. രണ്ടുവർഷത്തിൽ കൂടുതൽ ഒരേ സ്ഥലത്ത് ജോലിചെയ്യുന്നവരെ മാറ്റണം എന്ന നിർദേശം അനുസരിച്ചാണ് സ്ഥലംമാറ്റം. കുറച്ചുപേരെക്കൂടി ഇനിയും മാറ്റാനുണ്ടെന്നും ഭരണസമിതി വിശദീകരിക്കുന്നു.
എ.ആർ.നഗർ സഹകരണ ബാങ്കിൽ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നെന്നാണ് ആരോപണം. മുൻ മന്ത്രി കെ.ടി. ജലീലാണ് ബാങ്കിനെതിരായി ആരോപണവുമായി രംഗത്തെത്തിയത്. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരേയാണ് ജലീൽ പ്രധാനമായും ആരോപണങ്ങൾ ഉന്നയിച്ചത്.
Content Highlights:Mass transfer at AR Nagar Bank