തിരുവനന്തപുരം: 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ മ്യൂസിയം പോലീസ് സ്റ്റേഷനടുത്ത് പബ്ലിക് ഓഫീസിന് മുന്നിൽ കാറിടിക്കുന്നു. വാഹനം ഓടിച്ചിരുന്നത് യുവ ഐ.എ.എസ്. ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ. ഒപ്പമുണ്ടായിരുന്നത് സുഹൃത്ത് വഫ. ബഷീറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വിവാദം
ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അതിവേഗത്തിൽ വാഹനമോടിച്ചു
വാഹനമോടിച്ചത് ഒപ്പമുണ്ടായിരുന്ന സ്ത്രീയാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു
രക്തപരിശോധനയ്ക്ക് നിന്നില്ല
അപകടത്തെത്തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രീറാം അനുമതിയില്ലാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള രക്ത പരിശോധന നടത്തുന്നതിനും സമ്മതിച്ചില്ല. പ്രതിഷേധങ്ങളെത്തുടർന്ന് മണിക്കൂറുകൾ വൈകിയ ശേഷമാണ് രക്തം പരിശോധനയ്ക്കായി എടുത്തത്. ഇതിനിടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രിയിലായിരുന്ന ശ്രീറാം പിന്നീട് അറസ്റ്റിലായി. മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ അദ്ദേഹത്തെ ആംബുലൻസിലെത്തി പരിശോധിച്ച മജിസ്ട്രേറ്റ് തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശ്രീറാമിന് മറവി രോഗമുണ്ടെന്ന തരത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ റിപ്പോർട്ടും വിവാദമായി. തുടർന്ന് ശ്രീറാം സസ്പെൻഷനിലുമായി.
ഒളിച്ചുകളി
കേസ് രജിസ്റ്റർ ചെയ്തത് മ്യൂസിയം പോലീസ്.
പ്രതികളുമായി ഒത്തുകളിച്ചുവെന്ന ആരോപണം വന്നതോടെ പ്രത്യേക അന്വേഷണ സംഘം
വണ്ടിയോടിച്ചത് ശ്രീറാം തന്നെയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി
ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശമില്ലായിരുന്നുവെന്ന കെമിക്കൽ പരിശോധനാ ലാബിന്റെ റിപ്പോർട്ട്
കുറ്റപത്രം സമർപ്പിച്ച് ഒരു വർഷം
2020 ഫെബ്രുവരി ഒന്നിന് കുറ്റപത്രം സമർപ്പിച്ചു. ശ്രീറാം ഒന്നാംപ്രതിയും വഫ രണ്ടാംപ്രതിയും. മദ്യപിച്ച് അതിവേഗത്തിൽ കാറോടിച്ചതാണ് അപകട കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. ശ്രീറാമിനെതിരേ മനഃപൂർവമല്ലാത്ത നരഹത്യയും വഫയ്ക്കെതിരേ പ്രേരണാക്കുറ്റവും.
അപകടദൃശ്യം ആവശ്യപ്പെട്ട് പ്രതി
2020 ഫെബ്രുവരി 24-ന് രണ്ടുപ്രതികൾക്കും ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റപത്രത്തിന്റെ പകർപ്പ് നൽകി
അപകടദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളുടെ പകർപ്പ് വേണമെന്ന് ശ്രീറാം കോടതിയിൽ ആവശ്യപ്പെട്ടു
പരിശോധനകൾ പൂർത്തിയാക്കി ഇത് നൽകുന്നതിന് സമയമെടുത്തു. തുടർന്ന് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റി. വിവിധ കാരണങ്ങളാൽ പലപ്പോഴും പ്രതികൾ കോടതിയിൽ എത്തിയില്ല
ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ തടഞ്ഞു
കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്മേൽ വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ജൂലായ് 27-ന് ശ്രീറാം വെങ്കിട്ടരാമനും വഫയും ഹാജരായി. കോടതിയിലെത്തിയ ശ്രീറാമിന്റെ ചിത്രം പകർത്താൻ ശ്രമിച്ചതിനെതിരേ ചില അഭിഭാഷകർ തിരിഞ്ഞു. സിറാജ് ഫോട്ടോഗ്രാഫർക്ക് മർദനമേറ്റു.
ശ്രീറാം തിരികെ സർവീസിൽ
2019 ഓഗസ്റ്റ് അഞ്ചിന് സസ്പെൻഷനിലായ ശ്രീറാം 2020 മാർച്ചിൽ തിരികെ സർവീസിലെത്തി. ആരോഗ്യവകുപ്പിൽ ജോയന്റ് സെക്രട്ടറിയായി. വ്യാജവാർത്തകൾ കണ്ടെത്തുന്നതിനുള്ള ഫാക്ട് ചെക്ക് വിഭാഗത്തിൽ ആരോഗ്യവകുപ്പ് പ്രതിനിധി.
ഇപ്പോൾ സംസ്ഥാന കോവിഡ് ഡേറ്റ മാനേജ്മെന്റ് നോഡൽ ഓഫീസർ
നീതി വൈകുന്നു
കെ.എം. ബഷീറിന്റെ കൊലപാതകക്കേസിൽ മെല്ലെപ്പോക്കാണ്. നീതി വൈകുന്നത് വലിയ പ്രയാസമുണ്ടാക്കുന്നു. കോടതിയിൽ പ്രതീക്ഷയുണ്ടെങ്കിലും കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയുണ്ട്. മാധ്യമ പ്രവർത്തകരാണ് തുടക്കത്തിൽ വലിയ പിന്തുണ നൽകിയത്. ഇപ്പോഴത് കുറഞ്ഞു.
കെ. അബ്ദുറഹിമാൻ
(കെ.എം. ബഷീറിന്റെ സഹോദരൻ)
Content Highlights: 25 months since journalist KM Basheer was killed in an accident