തിരുവനന്തപുരം > പൊതുമേഖലാ ബാങ്കുകളെ നന്നാക്കാൻ കേന്ദ്ര സർക്കാരിന്റെ ബാഡ് ബാങ്ക് രൂപീകരണ തീരുമാനം കുത്തകകൾക്കുള്ള മറ്റൊരു കൈത്താങ്ങാണെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. കർഷകരുടെയടക്കം കടം ഏറ്റെടുക്കാനുള്ള സാധ്യത ഇതിലില്ലെന്നും പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ച കുത്തകകൾക്ക് വീണ്ടും സർക്കാർ സഹായം ഉറപ്പാക്കാനുള്ളതാണ് ഇതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തികളുടെ 10 ശതമാനത്തിൽ താഴെയാണ് കാർഷികവായ്പകൾ. ഈ മേഖലയുടെ പുനഃസംഘടനയോ കടം ഏറ്റെടുക്കലോ ഇല്ല. 500 കോടിയിൽ മുകളിലുള്ള കുത്തകകളുടെ വായ്പകളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുക. ഇത്തരം വായ്പക്കാരുടെ വിവരം കേന്ദ്രം വെളിപ്പെടുത്താത്തത് ദുരൂഹമാണ്.
പൊതുമേഖലാ ബാങ്കുകളെ നന്നാക്കാനെന്ന പേരിൽ പൊതുമേഖലയിൽ ‘ചീത്ത ബാങ്ക്’ സൃഷ്ടിക്കുന്നത് പരിഹാസ്യമാണ്. പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 6-8 ലക്ഷം കോടി രൂപയാണ്. ഈ ബാധ്യത ചീത്ത ബാങ്കിനെ ഏൽപ്പിച്ച് ബാക്കിയെല്ലാം നല്ല ബാങ്കുകളാക്കാനാണ് നീക്കം.
നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി എന്ന പുതിയ ബാങ്ക് ലീഡ് ബാങ്കുകളുമായുള്ള ചർച്ചയിലൂടെ നിഷ്ക്രിയ ആസ്തി ഏറ്റെടുക്കാനുള്ള താഴ്ന്നവില തീരുമാനിക്കും. ഇങ്ങനെ വായ്പയുടെ മൂല്യം കുറയ്ക്കുന്നതിന് തലമുടി വെട്ട് (ഹെയർകട്ട്) എന്നാണ് വിളിക്കുന്നത്. ഈ വിലയുടെ 15 ശതമാനം പണമായി നൽകും. ബാക്കി സെക്യൂരിറ്റി റെസീറ്റ് അല്ലെങ്കിൽ ബോണ്ടുകളായി നൽകും. ഈ സെക്യൂരിറ്റികൾക്ക് 30,600 കോടി രൂപവരെ കേന്ദ്രസർക്കാർ ഗ്യാരന്റിയുണ്ട്. ബാങ്കുകൾക്ക് ഇവ മറിച്ചുവിറ്റ് പണമാക്കാം.
ഒരുഭാഗത്ത് കാര്യക്ഷമമല്ലെന്ന പേരിൽ പൊതുമേഖലാ കമ്പനികൾ സ്വകാര്യവൽക്കരിച്ച് കുത്തകകൾക്ക് കൈമാറുന്നു. മറുഭാഗത്ത് ബാങ്ക് കൊള്ളയ്ക്ക് ഉപയോഗിച്ച സ്വകാര്യ കമ്പനിയെ പൊതുമേഖലാ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കി സ്വകാര്യമേഖലയ്ക്കുതന്നെ കൈമാറുന്നു. കേന്ദ്രത്തിന്റെ ഈ അവകാശവാദം വിരോധാഭാസമാണെന്നും തോമസ് ഐസക് പറഞ്ഞു.