വാഷിങ്ടൺ > കാബൂളിൽ നിന്ന് പിന്തിരിയുന്നതിന് മുന്നോടിയായി 29ന് നടത്തിയ വ്യോമാക്രമണത്തില് ഏഴ് കുട്ടികളുൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടതില് മാപ്പിരന്ന് അമേരിക്കന് സൈന്യം. തെറ്റുപറ്റിയെന്ന് യുഎസ് കമാൻഡർ ജനറൽ ഫ്രാങ്ക് മെക്കൻസി പറഞ്ഞു.
ഐഎസ് ഭീകരരെ ലക്ഷ്യമിട്ട മിസൈല് പതിച്ചത് അമേരിക്കന് മനുഷ്യാവകാശ സംഘടനയ്ക്കുവേണ്ടി പ്രവര്ത്തിച്ചുവന്ന സമെറായി അഹ്മദ്ദിയുടെ വാഹനത്തിലാണ്.വിദേശ സൈനികരെ ലക്ഷ്യമിട്ട് കാബൂൾ വിമാനത്താവളത്തിനുനേരെയുണ്ടായ ഐഎസ് ഭീകരാക്രമണത്തിനുള്ള അമേരിക്കയുടെ തിരിച്ചടിയാണ് ദുരന്തമായത്. കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട് വന്ന ഒന്നിലധികം ഭീകരരെ വധിച്ചുവെന്നായിരുന്നു അമേരിക്കയുടെ അവകാശവാദം. എന്നാല് യഥാര്ത്ഥ വസ്തുത പുറത്തുവന്നതോടെ യുഎസ് സെൻട്രൽ കമാൻഡ് അന്വേഷണം പ്രഖ്യാപിച്ചു. തുടര്ന്നാണ് കുറ്റസമ്മതം.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലുണ്ടായ വീഴ്ചയാണ് കാരണമായി പറയുന്നത്. കൊല്ലപ്പെട്ടവര്ക്ക് ഭീകരബന്ധമില്ലെന്ന് കമാൻഡർ ജനറൽ ഫ്രാങ്ക് മെക്കൻസി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കുന്നതായും മെക്കൻസി പറഞ്ഞു.
വേണ്ടത് ക്ഷമാപണമല്ല, നീതി
അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ക്ഷമാപണംമാത്രം
മതിയാകില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നീതി കിട്ടണം. മിസൈൽ അയച്ചത് ആരാണെന്ന് അന്വേഷിച്ച് അയാൾക്കെതിരെ നടപടി വേണമെന്ന് ആക്രമണത്തിൽ മൂന്നു വയസ്സുള്ള മകളെ നഷ്ടപ്പെട്ട ഇമൽ അഹ്മദി ആവശ്യപ്പെട്ടു. കുടുംബത്തിന് നഷ്ടപരിഹാരവും നൽകണം.