തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്ന സാഹചര്യത്തിലാണിത്. സർക്കാർ/സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാവും ആന്റിജൻ പരിശോധന നടത്തുക.
മരണനിരക്ക് ഏറ്റവും അധികമുള്ള 65 വയസ്സിനു മുകളിലുള്ളവരിൽ വാക്സിനേഷൻ സ്വീകരിക്കാത്തവരെ എത്രയും വേഗം കണ്ടെത്തി വാക്സിനേഷൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും. വാക്സിൻ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നതിനാൽ പൊതു ബോധവത്ക്കരണ നടപടികൾ ശക്തമാക്കും. പ്രതിവാര ഇൻഫക്ഷൻ റേഷ്യോ 10-ൽ കൂടുതലുള്ള വാർഡുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. നിലവിൽ ഇത് എട്ട്ശതമാനമായിരുന്നു.
ജില്ലകളിൽ നിലവിൽ നടത്തുന്ന സമ്പർക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതൽ നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആർ.ആർ.ടി.കൾ, അയൽപക്ക സമിതികൾ എന്നിവരെ ഉപയോഗിച്ച് സമ്പർക്കവിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവർ ടെസ്റ്റിങ് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights:government decides to stop antigen test in private labs; special vaccination drive for 65+ people