കൊച്ചി > അഞ്ച് വർഷം കൊണ്ട് 15,000 സ്റ്റാർട്ട് അപ്പുകൾ എന്ന ലക്ഷ്യത്തിലേയ്ക്ക് കേരളം നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരി സ്റ്റാർട്ട് അപ്പ് ഡിജിറ്റൽ ഹബ്ബിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുവർഷം മുമ്പ് 300 ആയിരുന്ന സ്റ്റാർട്ട് അപ്പുകൾ ഇപ്പോൾ 3,900 ആയി. 35,000 പേർക്ക് ഇതുവഴി അധികമായി തൊഴിൽ ലഭ്യമായി. കേന്ദ്രീകൃതമായ സ്റ്റാർട്ട് അപ്പ് പാർക്ക് സംവിധാനം ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെമ്പാടും ഇന്നോവേഷൻ ടെക്നോളജി ലാബുകളും ഇൻക്യുബേറ്ററുകളും സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനമൊട്ടാകെ ഐടി, സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ആരംഭിക്കുമ്പോൾ കണക്ടിവിറ്റി വളരെ പ്രധാനമാണ്. ഇതു മുന്നിൽ കണ്ടാണ് കെ-ഫോൺ പോലുള്ള സംരംഭങ്ങൾ സർക്കാർ നടപ്പാക്കുന്നത്. സ്റ്റാർട്ട് അപ്പ് മേഖലയിലേക്ക് ഏകദേശം 750 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക ശ്രദ്ധയിലേക്ക് എത്തേണ്ട ആശയങ്ങൾ സാമ്പത്തിക പരിമിതികൊണ്ടു മാത്രം പ്രാവർത്തികമാകാതെ പോകരുതെന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള ബാങ്ക്, കെഎസ്ഐഡിസി, കെഎഫ്സി, കെഎസ്എഫ്ഇ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി 250 കോടി രൂപയുടെ വെഞ്ചർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കുന്ന ആശയം മുന്നോട്ടുവെച്ചത്. മറ്റു മേഖലകളിൽ സർക്കാരിന്റെ വികസന ലക്ഷ്യങ്ങൾക്ക് സഹായമാകുന്ന സ്റ്റാർട്ട് അപ്പുകളുടെ വിപുലീകരണത്തിനായി ഒരു കോടി രൂപവരെ ഈടില്ലാത്ത വായ്പ ലഭ്യമാക്കും.
ലോകമെങ്ങും നിർമിത ബുദ്ധിയുടെ സാധ്യതകൾ പരിശോധിക്കപ്പെടുന്ന കാലമായതിനാലാണ് തിരുവനന്തപുരത്തെ കേരളത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബായി ഉയർത്തുന്നതിനുള്ള പദ്ധതി രൂപീകരിക്കുന്നത്. ഡാറ്റ പാർക്കുകൾക്ക് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.