കാബൂള്‍ > അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് അവസരം നഷ്ടമാകുമെന്ന് സൂചന. ഹൈസ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം താലിബാന് പുറത്തിറക്കിയ ഉത്തരവില്‍ ആണ്‍കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ മാത്രമാണുള്ളതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഉത്തരവില്‍ പെണ്‍കുട്ടികളെ കുറിച്ച് പരാമര്‍ശങ്ങള്‍ ഒന്നുമില്ല.
സെക്കന്‍ഡറി സ്കൂളുകള്‍ ആണ്‍കുട്ടികള്‍ക്കായി ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. പുരുഷന്മാരായ അധ്യാപകരോടും ആണ്‍കുട്ടികളോടും സ്കൂളുകളില്‍ എത്തണമെന്നും നിർദേശമുണ്ട്.
മുമ്പ് അഫ്ഗാനിസ്ഥാൻ താലിബാന്റെ നിയന്ത്രണത്തിലായിരുന്ന സമയത്തും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. നിലവിൽ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ഏതാനും മേഖലകളിൽ ഒഴിച്ച് സ്ത്രീകൾ ഓഫീസുകളിൽ ജോലിക്കെത്തുന്നതിന് താലിബാന്റെ വിലക്കുണ്ട്. സുരക്ഷാ പ്രശ്നങ്ങളാണ് ഇതിനു കാരണമായി നല്കുന്ന വിശദീകരണം.
നേരത്തെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രാലയത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ച് അതിനുപകരമായി ‘നന്മയുടെയും തിന്മയുടെയും’ മന്ത്രാലയം ആരംഭിച്ചിരുന്നു. മുമ്പ് സ്ത്രീകളുടെ മന്ത്രാലയമായിരുന്ന കെട്ടിടങ്ങളുടെ ബോർഡുകൾ ഇത്തരത്തിൽ മാറ്റി. ഇവിടെ ജോലി ചെയ്തിരുന്ന സ്ത്രീകളെയും പുറത്താക്കി. ആഴ്ചകളായി ഓഫീസുകളിൽ ജോലിക്കെത്തുന്നെങ്കിലും താലിബാൻകാർ ഭീഷണിപ്പെടുത്തി തിരികെ അയക്കുന്നതായും അവർ പറഞ്ഞു.
അധികാരത്തിലെ രണ്ടാമൂഴത്തിൽ സ്ത്രീകൾക്ക് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവസരം താലിബാൻ ഉറപ്പുനൽകിയിരുന്നു. എന്നാൽ, പിന്നീട് സ്ത്രീകളുടെ പ്രതിഷേധത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടു. ആക്രമണം ഭയന്ന് ജൂനിയർ വനിതാ ഫുട്ബോൾ ടീം അംഗങ്ങൾ കഴിഞ്ഞ ദിവസം പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇടക്കാല സർക്കാരിലും സ്ത്രീകളില്ല. സ്ത്രീകൾ പ്രസവിച്ചാൽ മതിയെന്നായിരുന്നു ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് താലിബാൻ വക്താവിന്റെ പ്രതികരണം.