കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട കേസിൽഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യംചെയ്യലിന് മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഹാജരാകില്ല. ചോദ്യംചെയ്യലിന് ഹാജരാകാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് ഇഡിക്ക് കത്ത് നൽകി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത്.
പികെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇബ്രാഹിംകുഞ്ഞിന് നേരത്തെ ഇ.ഡി നോട്ടീസ് നൽകിയിരുന്നത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നും ഇബ്രാഹിംകുഞ്ഞ് ഇഡിക്ക് നൽകിയ കത്തിൽ വിശദീകരിക്കുന്നു.
മുസ്ലീംലീഗിന്റെ മുഖപത്രമായചന്ദ്രികയുടെ അക്കൗണ്ടിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് ഇഡി നോട്ടീസ് നൽകിയിരുന്നത്. കേസിൽ ഇതിന് മുമ്പും ഇബ്രാംഹിംകുഞ്ഞിനെ ഇഡി വിളിപ്പിച്ചിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് കഴിഞ്ഞ ദിവസം ഹൈക്കോടതിയേയും സമീപിച്ചിരുന്നു.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് അനുസരിച്ചാണ് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുകൂടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.പാലാരിവട്ടം മേൽപ്പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന് ആരോപിക്കുന്ന ഹർജിയിൽ സംഭവത്തെക്കുറിച്ച് വിജിലൻസും ഇ.ഡി.യും അന്വേഷണം നടത്തണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ കഴിഞ്ഞവർഷം ഓഗസ്റ്റ് 17-ലെ ഉത്തരവ്. ഇതിന്റെ തുടർച്ചയായാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റുചെയ്തത്.
ചന്ദ്രികയിലെ പണമിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അതിനാൽ ഇ.ഡി. അന്വേഷണത്തിന് ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. തന്റെ ഭാഗം കേൾക്കാതെയായിരുന്നു ഇത്. സിംഗിൾ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി ഉത്തരവിന് എതിരാണെന്നും ഹർജിയിൽ പറയുന്നു.
ചന്ദ്രികയുടെ ഗവേണിങ് ബോഡി ചെയർമാന്റെ ചുമതല വഹിക്കുമ്പോൾ 10 കോടി രൂപ വെളുപ്പിച്ചെടുത്തെന്നായിരുന്നു കളമശ്ശേരി സ്വദേശിയുടെ പരാതി. എന്നാൽ, പത്രത്തിന്റെ സർക്കുലേഷൻ വർധിപ്പിക്കുക എന്ന ചുമതല മാത്രമേ ഗവേണിങ് കമ്മിറ്റിക്കുണ്ടായിരുന്നുള്ളൂവെന്ന് ഹർജിയിൽ പറയുന്നു. ഹർജിയിൽ തീർപ്പാകുന്നതുവരെ സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്നുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
content highlights:VK Ebrahimkunju not appearing for ED questioning