കൊച്ചി
ഡ്രൈവിങ് ലൈസൻസുകൾ വീടുകളിലിരുന്ന് സ്വന്തമാക്കാവുന്ന സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് -മന്ത്രി ആന്റണി രാജു. മോട്ടോർ വാഹനവകുപ്പ് ഇനി ഡിജിറ്റൽ വയർലെസ് സംവിധാനത്തിൽ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും. മോട്ടോർ വാഹനവകുപ്പിന്റെ സേവങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. അഴിമതിയും ഇടനിലക്കാരുമില്ലാതെ ജനങ്ങൾക്ക് സേവനം ലഭ്യമാക്കണം.
ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന മാൻലെസ്സ് വെയ്ബ്രിഡ്ജുകളും സംസ്ഥാന അതിർത്തികളിൽ സ്ഥാപിക്കും. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഭാരം മറ്റ് പരിശോധനകളില്ലാതെ മനസ്സിലാക്കാനാകും. ചെക്ക് പോസ്റ്റുകൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
മൊട്ടോർ വാഹനവകുപ്പിന്റെ ആശയവിനിമയം ഡിജിറ്റൽ വയർലെസ് സംവിധാനത്തിലാകുന്ന ഇന്ത്യയിലെ ആദ്യ ജില്ലയാണ് എറണാകുളം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്. അടുത്തഘട്ടത്തിൽ പാലക്കാട്, ആലപ്പുഴ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. എറണാകുളത്ത് 12 ഓഫീസുകളിലും 34 വാഹനങ്ങളിലുമാണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. വയർലെസ് സംവിധാനം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പി ടി തോമസ് എംഎൽഎ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, കലക്ടർ ജാഫർ മാലിക്, അഡീഷണൽ ട്രാൻസ്പോർട്ട് കമീഷണർ പ്രമോദ് ശങ്കർ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഷാജി മാധവൻ, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ, കൗൺസിലർ ഉണ്ണി കാക്കനാട് എന്നിവർ സംസാരിച്ചു.