ന്യൂഡൽഹി > സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിനായി കേന്ദ്രം എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിന് സെസ് ഏർപ്പെടുത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. 2022 ജൂൺ മുതൽ പുതിയ സെസ് നിലവിൽ വരും. 2026 മാർച്ചുവരെ തുടരും.
ജിഎസ്ടി നടപ്പാക്കലിനെത്തുടർന്നുള്ള വരുമാനനഷ്ടം നികത്തുന്നതിന് കേന്ദ്രം നൽകുന്ന നഷ്ടപരിഹാരം അഞ്ചുവർഷത്തേക്കുകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളും ഈയാവശ്യം മുന്നോട്ടുവച്ചു. 2022 വരെയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടത്. നഷ്ടപരിഹാരം നീട്ടുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്ന് കേന്ദ്രം അറിയിച്ചു.
നികുതിനിരക്കുകൾ യുക്തിസഹമാക്കുന്നതിനായി പുതിയൊരു മന്ത്രിസമിതിക്ക് രൂപം നൽകി. രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകണം. ഇ- വേ ബിൽ, ഫാസ്റ്റ്ടാഗ് എന്നിവയുടെ പോരായ്മകൾ പരിഹരിക്കുന്നതിന് മറ്റൊരു സമിതിക്കും രൂപം നൽകിയതായി നിർമല സീതാരാമൻ അറിയിച്ചു.
പെട്രോൾ ജിഎസ്ടിക്ക് കേന്ദ്രത്തിന് താല്പര്യമില്ല
പെട്രോൾ-ഡീസൽ വിഷയത്തിൽ ജിഎസ്ടി യോഗത്തില് വോട്ടിലേക്ക് നീങ്ങാൻ കേന്ദ്രം താൽപ്പര്യപ്പെട്ടില്ല. കേന്ദ്രവും ബിജെപി ഭരണ സംസ്ഥാനങ്ങളും യോജിച്ചാൽ ജിഎസ്ടി യോഗത്തിൽ ഏത് തീരുമാനവും ഭൂരിപക്ഷ വോട്ട് പ്രകാരം നടപ്പാക്കാം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ച് 2019ൽ സ്വകാര്യ ലോട്ടറിക്കു തുല്യമായി സർക്കാർ ലോട്ടറിയുടെ നികുതി ഉയർത്തിയത് കേന്ദ്രവും ബിജെപി സംസ്ഥാനങ്ങളും ഒന്നിച്ച് വോട്ട് ചെയ്തതോടെയാണ്.
കേന്ദ്രത്തിന് വന് നഷ്ടമുണ്ടാകും
നിലവിൽ പെട്രോൾ ഒരു ലിറ്ററിന് 33 രൂപയും ഡീസലിന് 32 രൂപയുമാണ് കേന്ദ്ര നികുതി. 2014ൽ മോഡി അധികാരത്തിൽ വന്നശേഷം പെട്രോൾ നികുതി മൂന്നിരട്ടിയും ഡീസൽ നികുതി അഞ്ചിരട്ടിയും കൂട്ടി. 2013-14ൽ കേന്ദ്രത്തിന്റെ ഇന്ധന നികുതി വരുമാനം 53,090 കോടി മാത്രമായിരുന്നത് 2020-21ൽ 3.72 ലക്ഷം കോടിയായി. ഏഴിരട്ടി വർധന. ജിഎസ്ടിയിലേക്ക് മാറിയാൽ ഏറ്റവും ഉയർന്ന സ്ലാബായ 28 ശതമാനമായി നികുതി തീരുമാനിച്ചാൽത്തന്നെ മൂന്ന് ലക്ഷം കോടിയുടെയെങ്കിലും വരുമാനനഷ്ടം കേന്ദ്രത്തിനുണ്ടാകും. കേന്ദ്ര നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കണമെങ്കിലും പെട്രോൾ- ഡീസൽ നികുതിയുടെ കാര്യത്തിൽ അതില്ല. സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട പെട്രോൾ എക്സൈസ് തീരുവ ലിറ്ററിന് 1.4 രൂപയും ഡീസലിന് 1.8 രൂപയുമാണ്. ഇതിന്റെ 41 ശതമാനംമാത്രമാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്.