പനമരം
നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ. പരിസരവാസിയായ നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ(24) ആണ് കൊലപാതകം നടന്ന് മൂന്നു മാസത്തിനു ശേഷം പിടിയിലായത്. റിട്ട. അധ്യാപകൻ പത്മാലയത്തിൽ കേശവൻനായർ, ഭാര്യ പത്മാവതി എന്നിവരാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.
മൊഴിയിലെ വൈരുധ്യമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മോഷണത്തിനിടയിലായിരുന്നു കൊലപാതകമെന്ന് പ്രതി സമ്മതിച്ചു. പ്രതിയുടെ മൊഴിയിലെ വൈരുധ്യത്തിൽ കൂടുതൽ വ്യക്തത വരുത്താനായി വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്ന സമയത്ത് ഒരാഴ്ച മുമ്പ് ഇയാൾ ഡിവൈഎസ്പി ഓഫീസിൽ നിന്ന് ഇറങ്ങിയോടി കൈയിലുണ്ടായിരുന്ന വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ആശുപത്രിയിലായി. വ്യാഴാഴ്ച വീണ്ടും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ജൂൺ 10നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതികളെ നേരിൽ കണ്ട പത്മാവതിയും മരണത്തിന് കീഴടങ്ങിയതോടെ ശാസ്ത്രീയ തെളിവുകളെ കൂടുതൽ ആശ്രയിച്ചായിരുന്നു അന്വേഷണം.