വാഷിങ്ടൺ
അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും രൂപീകരിച്ച പുതിയ ചൈനാവിരുദ്ധ സഖ്യത്തെ തള്ളി യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സും രംഗത്ത്. ട്രംപ് യുഗത്തിലേക്കുള്ള മടക്കമെന്നാണ് നീക്കത്തെ അവര്‍ വിശേഷിപ്പിച്ചത്. പുതിയസഖ്യം ചൈനയും ബ്രിട്ടനും തമ്മിൽ യുദ്ധത്തിന് വഴി വയ്ക്കുമോ എന്ന ചോദ്യവുമായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തി.
ചൈനയെ ലക്ഷ്യംവച്ച് ഓസ്ട്രേലിയയെ ആണുവായുധമണിയിക്കുകയാണ് പുതിയ സഖ്യത്തിന്റെ ലക്ഷ്യം.
സഖ്യരൂപീകരണത്തോടെ ആണവശേഷിയുള്ള അന്തർവാഹിനികൾക്കായി ഫ്രാൻസിൽനിന്ന് 12 ഡീസൽ അന്തർവാഹിനികൾ വാങ്ങാനുള്ള കരാറിൽനിന്ന് ഓസ്ട്രേലിയ പിന്മാറി. ‘ഓസ്ട്രേലിയ പിറകിൽനിന്ന് കുത്തി’യെന്നാണ് ഫ്രഞ്ച് വിദേശമന്ത്രി ജീൻ യീവ്സ് ലെ ഡ്രിയൻ പ്രതികരിച്ചത്.
അമേരിക്ക–- ഫ്രാൻസ് നയതന്ത്ര ബന്ധം ആഘോഷിക്കാൻ വാഷിങ്ടണിൽ സംഘടിപ്പിച്ച ചടങ്ങിൽനിന്ന് ഫ്രഞ്ച് നയതന്ത്രജ്ഞർ പിൻവാങ്ങി. ഇതോടെ, ഫ്രാൻസിനെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻതന്നെ രംഗത്തെത്തി.
സഖ്യം ഒരു രാജ്യത്തിനും എതിരല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ആവർത്തിക്കുന്നു. സഖ്യം മേഖലയിൽ ആയുധമത്സരത്തിന് വഴിവയ്ക്കുമെന്നു പറഞ്ഞ ചൈന, തങ്ങളുടെ പ്രത്യാക്രമണത്തിന്റെ ആദ്യ ഇരകൾ ഓസ്ട്രേലിയൻ സൈനികരാകുമെന്നും മുന്നറിയിപ്പ് നൽകി.
ആണവ അന്തർവാഹിനികള്‍ 40
അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ എട്ട് അന്തർവാഹിനി സ്വന്തമാക്കുന്നതോടെ ആണവ അന്തർവാഹിനി കൈവശമുള്ള ഏഴാമത്തെ രാഷ്ട്രമാകും ഓസ്ട്രേലിയ. ലോകത്താകെ 40 ആണവ അന്തർവാഹിനിയാണ് നിലവിലുള്ളത് (അമേരിക്ക–- 14, റഷ്യ–- 11, ചൈന–- ആറ്, ബ്രിട്ടൻ–- നാല്, ഫ്രാൻസ്–- നാല്, ഇന്ത്യ–- ഒന്ന്).