തിരുവനന്തപുരം > കേരളത്തിന്റെ മതസൗഹാര്ദ അന്തരീക്ഷം തകര്ക്കാനുള്ള പരിശ്രമങ്ങള് വര്ഗീയ ശക്തികള് നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്. കേരളത്തിന്റെ സമൂഹഘടനയില് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണത്. ബിജെപിയും ന്യൂനപക്ഷ വര്ഗീയ ശക്തികളും അതില് രാഷ്ട്രീയലാഭമുണ്ടാക്കാന് ശ്രമിക്കുകയാണ്. മാധ്യമങ്ങളും ഇക്കാര്യത്തില് ജാഗ്രതപാലിക്കണമെന്നും വിജയരാഘവന് പറഞ്ഞു.
ഭൂരിപക്ഷ സമുദായങ്ങളില് മാത്രമല്ല, ന്യൂനപക്ഷ വിഭാഗങ്ങള് തമ്മില് തര്ക്കമുണ്ടാക്കാനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്. പാലാ ബിഷപിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങളുണ്ടായി. സമൂഹത്തെ വര്ഗീയവത്കരിക്കാനുള്ള ഇടപെടലുകളുണ്ടായി. അധികാരം ഉപയോഗിച്ച് ഭൂരിപക്ഷ വര്ഗീയത ആളിക്കത്തിക്കാന് ബിജെപിയും, മറുവശത്ത് ന്യൂനപക്ഷ വര്ഗീയത ശക്തിപ്പെടുത്താന് ജമാഅത്തെ ഇസ്ലാമിയും വലിയതോതില് ശ്രമിക്കു.
ചില വ്യക്തികളോ ഏതെങ്കിലും ഗ്രൂപ്പുകളോ നടത്തുന്ന തെറ്റായ പ്രവര്ത്തനത്തിന്റെ ഉത്തരവാദിത്വം ഒരു മതത്തിനുമേല് അടിച്ചേല്പ്പിക്കരുത്. അത് സമൂഹത്തില് സമാധാനാന്തരീക്ഷം തകര്ക്കും. ജനങ്ങളുടെ യോജിപ്പിനുവേണ്ടിയാണ് എല്ലാക്കാലത്തും സിപിഐ എം നിലകൊണ്ടത്. മതനിരപേക്ഷതയെ ദുര്ബലപ്പെടുത്തുന്നതിനെതിരായി പാര്ടി ജനങ്ങളെ അണിനിരത്തുമെന്നും വിജയരാഘവന് പറഞ്ഞു.
കോണ്ഗ്രസില് നിന്നും ഇനിയും കൂടുതല് ആളുകള് ഇടതുപക്ഷത്തേക്ക് എത്തുമെന്നും വിജയരാഘവന് അറിയിച്ചു. അവരെ അര്ഹമായ നിലയില് സിപിഐ എം പരിഗണിക്കും. മതേതരവാദികള്ക്കും പുരോഗമന ചിന്താഗതിക്കാര്ക്കും കോണ്ഗ്രസിനുള്ളില് നില്ക്കാന് കഴിയാത്ത സാഹചര്യമാണ്. മറ്റുസംസ്ഥാനങ്ങളില് ബിജെപിയിലേക്കാണ് കോണ്ഗ്രസ് വിട്ടവര് പോയത്. ഇവിടെ തീവ്ര ഹിന്ദുത്വ ശക്തികള്ക്കെതിരായി സിപിഐ എം സ്വീകരിക്കുന്ന നിലപാടിനൊപ്പമാണ് ജനങ്ങള് നിലകൊണ്ടത്. ഇക്കാര്യത്തില് ചാഞ്ചാട്ടമില്ലാത്ത സിപിഐ എമ്മിന്റെ നിലപാടാണ് കൂടുതല് മതേതര വിശ്വാസികളെ ഇടതുപക്ഷ ചേരിയിലേക്ക് കൊണ്ടുവരുന്നത്. അതിനെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരും.
ഇതുവരെ കേള്ക്കാത്തതരത്തിലുള്ള ആഭ്യന്തര തര്ക്കങ്ങളാണ് ലീഗില് ഉണ്ടായിരിക്കുന്നത്. ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാടുകളും ഇപ്പോള് പ്രകടമായിരിക്കുന്നു. ‘ഹരിത’യുമായി ബന്ധപ്പെട്ട് വന്ന വാര്ത്തകളും, പ്രവര്ത്തകരുടെ പ്രതികരണങ്ങളും, ലീഗ് സ്വീകരിച്ച നിലപാടുകളും അതാണ് വ്യക്തമാക്കുന്നത്.
സിപിഐ എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്ക്ക് തുടക്കമായി കഴിഞ്ഞു. ജനാധിപത്യ ഉള്ളടക്കമാണ് സിപിഐ എം മുന്നോട്ടുവെക്കുന്നത്. ശരിയായ നിലപാടുകള് കൂടുതല് ആളുകളെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കുമെന്നും വിജയരാഘവന് പറഞ്ഞു.