തിരുവനന്തപുരം > ആദിവാസി മേഖലയിലെ കുട്ടികള്ക്ക് ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്പുകൾ ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി നിര്വഹിച്ചു. കൈറ്റ്-വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല് ഡിജിറ്റല് ക്ലാസുകൾ തുടർച്ചയായി ഓൺലൈൻ പഠനം ആരംഭിക്കുന്ന സാഹചര്യത്തിൽ ആദിവാസി മേഖലയിലെ കുട്ടികള്ക്കുള്ള ലാപ്ടോപ്പുകളുടെ വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില് പത്താം ക്ലാസിലെ മുഴുവന് എസ് ടി കുട്ടികള്ക്കുമാണ് ലാപ്ടോപ്പുകള് ലഭ്യമാക്കുന്നത്. പൊതുപരീക്ഷ തീരുന്ന ഉടനെ പ്ലസ്ടു കുട്ടികള്ക്കും തുടര്ന്ന് ഘട്ടം ഘട്ടമായി മറ്റു ക്ലാസുകളിലെ കുട്ടികള്ക്കും ലാപ്ടോപ്പുകള് ലഭ്യമാക്കും.
ആദിവാസി മേഖലയിലെ കുട്ടികള്ക്ക് അതതു സ്കൂളുകള് വഴി ലൈബ്രറി പുസ്തകങ്ങള് വിതരണം ചെയ്യുന്ന മാതൃകയില് ലാപ്ടോപ്പുകള് ലഭ്യമാക്കാനാണ് പദ്ധതി. കൈറ്റിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില് നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങില് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടര് കെ ജീവന് ബാബു, കൈറ്റ് സിഇഒ കെ അന്വര് സാദത്ത് എന്നിവര് പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ ജിഎച്ച്എസ് ഉത്തരംകോട് പ്രഥമാധ്യാപിക സി ആര് ശിവപ്രിയയ്ക്ക് ലാപ്ടോപ്പ് നല്കിയാണ് മന്ത്രി വിതരണോദ്ഘാടനം നിർവഹിച്ചത്.