തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ മുൻകൂർ അനുമതി വേണമെന്ന ഉത്തരവാണ് പിൻവലിച്ചത്. ഉത്തരവ് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സർക്കാർ ഉദ്യോഗസ്ഥർ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് സർക്കാരിന്റെ അനുമതി വാങ്ങണമെന്ന് നേരത്തെ തന്നെയുള്ള നിർദേശമായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഒൻപതാം തിയതിയാണ് വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ പുതിയ സർക്കുലർ പുറപ്പെടുവിച്ചത്.
വിവാദ ഉത്തരവ് പ്രകാരം സർക്കാർ ഉദ്യോഗസ്ഥർ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അപേക്ഷ നൽകണം. അപേക്ഷയ്ക്കൊപ്പം എന്താണോ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നത് അതിന്റെ പകർപ്പും നൽകണം. ഇത് പ്രസിദ്ധീകരണ യോഗ്യമാണെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ ശുപാർശ ചെയ്ത് അതനുസരിച്ച് അനുമതി നൽകിയാൽ മാത്രമെ അവ പ്രസിദ്ധീകരിക്കാൻ ജീവനക്കാർക്ക് സാധിക്കൂ. ഈ ഉത്തരവാണ് പിൻവലിച്ചത്.
content highlights:education department withdraws controversial order regarding governement employees literary work