തിരുവനന്തപുരം > മുതിർന്ന നേതാക്കളടക്കം പാർട്ടി വിടുന്നതിൽ വിരണ്ട കോൺഗ്രസ് കെ ശിവദാസൻ നായരുടെ സസ്പെൻഷൻ പിൻവലിച്ചു. അച്ചടക്ക ലംഘനത്തിനാണ് ശിവദാസൻ നായരെ സസ്പെൻഡ് ചെയ്തിരുന്നത്. കെപിസിസി നോട്ടീസിന് തൃപ്തികരമായ മറുപടി നൽകിയതിനാലാണ് സസ്പെൻഷൻ പിൻവലിച്ചതെന്നാണ് കെ സുധാകരന്റെ വിശദീകരണം.
ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് ചാനലിൽ കെ പി അനിൽകുമാർ നടത്തിയ രൂക്ഷവിമർശനത്തെ പിന്തുണച്ചതിനാണ് ശിവദാസൻ നായർക്കെതിരെ കോൺഗ്രസ് നടപടി എടുത്തത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വർക്കിങ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ല എന്നാണ് കെ ശിവദാസൻ നായർ അഭിപ്രായപ്പെട്ടത്. തൊട്ടുപിന്നാലെ അനിൽകുമാറിനും ശിവദാസൻ നായർക്കുമെതിരെ കോൺഗ്രസ് നടപടി പ്രഖ്യാപിച്ചു.