ഡിജിറ്റൽ ആർട്ട് പെയിന്റിങ്ങുകൾ തയ്യാറാക്കി വിറ്റ് 30 ലക്ഷത്തിലധികം രൂപ വരുമാനം നേടിയിരിക്കുകയാണ് കറുകച്ചാൽ ചമ്പക്കര നടമേൽ സ്വദേശിയായ അനന്തകൃഷ്ണൻ. എൻ.എഫ്.ടി. (നോൺ ഫൻജിബിൾ ടോക്കൺ)യിലൂടെയാണ് അനന്തകൃഷ്ണൻ എന്ന 23-കാരൻ തന്റെ ഡിജിറ്റൽ പെയിന്റിങ്ങുകൾ ലോകവിപണിയിലെത്തിച്ചത്. ഇതിനം 37 ചിത്രങ്ങളാണ് ഈ യുവാവ് ഇത്തരത്തിൽ വിറ്റഴിച്ചത്. ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം ഡിജിറ്റൽ ഇമേജുകൾ വിറ്റ ആർട്ടിസ്റ്റുകളിൽ ഒരാളാണ് താനെന്നും പറയുന്നു അനന്തകൃഷ്ണൻ. ഇതുസംബന്ധിച്ച് ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിലും അനന്തകൃഷ്ണനെക്കുറിച്ച് പരാമർശമുണ്ട്.
ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്ന് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിങ്ങിൽ ബിരുദം നേടിയശേഷം ടാറ്റാ കൺസൾറ്റൻസി സർവീസിൽ വിഷ്വൽ ഡിസൈനറായി പ്രവർത്തിക്കുകയാണ് അനന്തകൃഷ്ണൻ. വിദേശമലയാളിയായ മെൽവിൻ തമ്പിയുമായി ചേർന്ന് എൻ.എഫ്.ടി. മലയാളി എന്ന കൂട്ടായ്മയ്ക്കും രൂപം നൽകിയിരുന്നു. ഡിജിറ്റൽ ആർട്ട് പെയിന്റിങ്ങുകളേക്കുറിച്ചും എൻ.എഫ്.ടിയെക്കുറിച്ചും അതിന്റെ സാധ്യതകളേക്കുറിച്ചും അനന്തകൃഷ്ണൻ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
സുഹൃത്തിന്റെ ഉപദേശം തുണയായി…
ചെറുപ്പം മുതൽ തന്നെ വരയ്ക്കുന്നതിൽ താല്പര്യമുണ്ടായിരുന്നു. ബിരുദത്തിന് അനിമേഷൻ ആൻഡ് ഡിസൈൻ കോഴ്സാണ് ചെയ്തത്. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മൂണിക്കേഷനിലാണ് പഠിച്ചത്. പഠനശേഷം ടാറ്റാ കൺസൾറ്റൻസി സർവീസിൽ വിഷ്വൽ ഡിസൈനറായി ജോലിയിൽ പ്രവേശിച്ചു. ആ സമയത്തെല്ലാം ഡിജിറ്റൽ ആർട്ട് വർക്കുകളും ഡിസൈനുമാണ് പ്രധാനമായും ചെയ്തുകൊണ്ടിരുന്നത്.
എൻ.എഫ്.ടി.(Non-fungible token) ഉപയോഗിച്ച് ഡിജിറ്റൽ ആർട്ട് വർക്കുകൾ വിൽക്കാൻ ആരംഭിച്ചത് ഈവർഷം മാർച്ച് മാസം മുതലാണ്. ഇത്തരത്തിലൊരു സാധ്യതയേക്കുറിച്ചും അതിലൂടെ വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നും എന്റെയൊരു സുഹൃത്താണ് പറഞ്ഞത്. എന്തായാലും നീ വരക്കുന്നുണ്ടല്ലോ, ഇതൊന്നു നോക്കൂ എന്ന് അദ്ദേഹം പറഞ്ഞു… അങ്ങനെയാണ് ഞാൻ വിൽപ്പന ആരംഭിച്ചത്.
ചെറിയ രീതിയിൽ വരുമാനം ഉണ്ടാക്കുക എന്നതായിരുന്നു തുടക്കത്തിൽ ലക്ഷ്യം. ചെറിയ വരുമാനം ലഭിച്ചാൽ ഇത് അവസാനിപ്പിക്കാം എന്ന രീതിയിലാണ് തുടങ്ങിയത്. പക്ഷേ, ഇതിന്റെ സാധ്യതകൾ വളരെ വലുതാണെന്ന് മനസിലാക്കിയത് പിന്നീടാണ്. അങ്ങനെ സ്ഥിരമായി ചെയ്യാൻ തുടങ്ങി. ഇപ്പോൾ ഏതാണ്ട് ആറ് മാസമായി ചിത്രങ്ങൾ വിൽക്കുന്നുണ്ട്.
അനന്തകൃഷ്ണന്റെ ഡിജിറ്റൽ പെയിന്റിങ്|Photo: Anantha Krishnan
ആദ്യ ചിത്രത്തിന് ലഭിച്ചത് 40,000 രൂപ…
ഇത്തരത്തിൽ ചിത്രങ്ങൾ വിൽക്കുന്നതിനും കുറച്ച് ചിലവുണ്ട്. ഒരു ചിത്രം വിൽപ്പനക്കായി അതിന്റെ പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യുന്നതിന് നിശ്ചിത ഫീസ് നൽകണം. ഓപ്പൺ സീ എന്ന പ്ലാറ്റ്ഫോമിൽക്കൂടിയാണ് ആദ്യം ചിത്രം വിൽക്കാൻ ശ്രമിച്ചത്. ബ്ലോക്ക് ചെയിനിലേക്ക് ചിത്രം അല്ലെങ്കിൽ മറ്റ് തരത്തിലുള്ള എന്തെങ്കിലും ഫയലുകൾ അപ്ലോഡ് ചെയ്യുന്നതിന് ഫീസ് നൽകണം. ആദ്യത്തെ ചിത്രം അപ്ലോഡ് ചെയ്യാൻ 10,000 രൂപയാണ് ചിലവായത്.
ഫൗണ്ടേഷൻ എന്ന മറ്റൊരു പ്ലാറ്റ്ഫോമിൽ മൂന്ന് ചിത്രങ്ങൾ കൂടി അപ്ലോഡ് ചെയ്തിരുന്നു. തുടക്കത്തിൽ ഇമേജുകൾ അപ്ലോഡ് ചെയ്യാൻ തന്നെ 30,000 രൂപക്ക് മുകളിൽ ചിലവ് വന്നു. അതിന് ശേഷമാണ് ചിത്രങ്ങളുടെ വിൽപ്പന നടന്നത്. ഫൗണ്ടേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ആദ്യ ചിത്രത്തിന് ലഭിച്ചത് 40,000 രൂപയാണ്. രണ്ടാമത്തെ ചിത്രത്തിന് കുറച്ച് വില കൂട്ടിയാണ് ഇട്ടിരുന്നത്. 1.6 ലക്ഷത്തിനാണ് അത് വിറ്റുപോയത്. ഇടക്കമുള്ള മൂന്ന് ചിത്രങ്ങളും ഒരു ദിവസം തന്നെയാണ് വിറ്റത്. അതിന് ഒരാഴ്ചക്ക് ശേഷമാണ് ആദ്യം അപ്ലോഡ് ചെയ്ത ചിത്രം വിറ്റുപോകുന്നത്.
വിറ്റത് 37 ചിത്രങ്ങൾ, ലഭിച്ചത് 30 ലക്ഷം
ചിത്രങ്ങളുടെ ത്രിമാന രൂപം സൃഷ്ടിച്ചശേഷം അതിന് മുകളിലൂടെ പെയിന്റ് ചെയ്താണ് ഇമേജുകൾ തയ്യാറാക്കുന്നത്. വിൽപ്പന ആരംഭിച്ച്മൂന്ന് മാസംകൊണ്ട് 25 വർക്കുകൾ വിറ്റു. അതോടെ, ധൃതിപിടിച്ച് ചിത്രങ്ങൾ ചെയ്യുന്നതിൽ കാര്യമില്ലെന്ന് തോന്നി. പിന്നെ സാവധാനത്തിൽ സമയമെടുത്താണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. ഇപ്പോൾ മാസത്തിൽ ഒരു ചിത്രമൊക്കെയാണ് ഇടുന്നത്. ഇതുവരെ 37 ചിത്രങ്ങളാണ് വിറ്റത്. 30 ലക്ഷത്തോളം രൂപ ഇതുവരെ വരുമാനം ലഭിച്ചു. ചിത്രം അപ്ലോഡ് ചെയ്യുന്നതിനായി കൈയ്യിൽ നിന്ന് ചിലവായതും പ്ലാറ്റ്ഫോമിന് കമ്മീഷൻ ഇനത്തിൽ നൽകിയതും കഴിഞ്ഞാൽ 25 ലക്ഷം രൂപയോളം ലാഭം കിട്ടിക്കാണും.
മറിച്ച് വിറ്റ് ലാഭം നേടണം എന്ന് കരുതി വാങ്ങുന്നവരും ചിത്രങ്ങൾ ഇഷ്ടപ്പെട്ട് അത് ശേഖരിക്കാനായി വാങ്ങുന്നവരുമുണ്ട്. എന്റെ ഒരു ചിത്രം കഴിഞ്ഞ ഏപ്രിലിൽ 50,000 രൂപക്ക് മുകളിൽ വില നൽകി അമേരിക്കയിലുള്ള ഒരു ആർട്ടിസ്റ്റ് വാങ്ങിയിരുന്നു. അയാൾ അത് മറിച്ചുവിറ്റത് 1.75 ലക്ഷം രൂപക്കാണ്. ഒരു ആർട്ടിന്റെ വാല്യൂ ഉയരുന്നത് അനുസരിച്ച് വാങ്ങുന്നവർക്ക് വലിയ വിലയിൽ വിൽക്കാൻ സാധിക്കും. ഇതിൽ നിന്ന് വ്യത്യസ്തമായി വർക്കിനോടുള്ള താല്പര്യം മാത്രം കണക്കിലെടുത്ത് ചിത്രങ്ങൾ വാങ്ങിക്കുന്നവരുമുണ്ട്.
കലാകാരനിലുള്ള വിശ്വാസത്തിലാണ് ചിത്രങ്ങളുടെ കച്ചവടം നടക്കുന്നത്. പക്ഷേ വാങ്ങുന്ന ആളിനെ നമ്മുടെ വർക്കുകളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടതുണ്ട്. അതിന് ട്വിറ്റർ പോലുള്ള സമൂഹമാധ്യമങ്ങളിൽ പ്രചാരണം നൽകേണ്ടതുണ്ട്. ആദ്യത്തെ മുതൽമുടക്കിന്റെ റിസ്ക് മാത്രമേ ഇക്കാര്യത്തിലുള്ളു. വരുമാനം ഇല്ലാത്തവർക്ക് തുടക്കത്തിൽ അപ്ലോഡിങ് ഫീസ് കണ്ടെത്തൽ വെല്ലുവിളിയായേക്കും. പക്ഷേ, കുറഞ്ഞ അപ്ലോഡിങ് ഫീസുള്ള മറ്റ് പ്ലാറ്റ്ഫോമുകളുണ്ട്. പക്ഷേ അവിടെ വിൽപ്പനയും കുറവായിക്കം.
എൻ.എഫ്.ടി. മലയാളി
ചിത്രങ്ങൾ വിറ്റുപോകാൻ തുടങ്ങിയതോടെ വാട്സ് ആപ്പിൽ ഒരു ഗ്രൂപ്പ് തുടങ്ങി ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. തുടക്കത്തിൽ പത്തിൽ താഴെ ആളുകൾ മാത്രമാണ് ഇത് ചെയ്തിരുന്നത്. എന്റെ ഒരു സീനിയറായിരുന്ന വിദേശമലയാളിയായ മെൽവിൻ തമ്പിയുമായി ചേർന്ന് എൻ.എഫ്.ടി. മലയാളി എന്ന കൂട്ടായ്മയ്ക്കും രൂപം നൽകി. ക്ലബ് ഹൗസ് ആപ്ലിക്കേഷനിൽ അടക്കം ഇത് സംബന്ധിച്ച ചർച്ചകളും സംഘടിപ്പിച്ചിരുന്നു.
പരമാവധി ആളുകളിലേക്ക് ഇത് എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം. എന്താണ് എൻ.എഫ്.ടി., എങ്ങനെ എൻ.എഫ്.ടി. ചെയ്യണം, എങ്ങനെ ചിത്രങ്ങൾ വിൽക്കണം, മാർക്കങ്ങിങ് എങ്ങനെ വേണം, എങ്ങനെ ബ്രാൻഡ് ചെയ്യണം എന്നിവയെക്കുറിച്ചെല്ലാം വിശദമായി ക്ലാസുകൾ എടുത്തിരുന്നു. യാതൊരു വരുമാനവും പ്രതീക്ഷിക്കാതെ പരമാവധി ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അത് ചെയ്തത്.
നോൺ ഫൻജിബിൾ ടോക്കൺ (എൻ.എഫ്.ടി.)
ബ്ലോക്ക്ചെയിൻ എന്നറിയപ്പെടുന്ന ഒരു ഡിജിറ്റൽ ലെഡ്ജറിൽ സൂക്ഷിക്കുന്ന ഡാറ്റയെയാണ് എൻ.എഫ്.ടി.(നോൺ ഫംഗിബിൾ ടോക്കൺ) എന്നു വിളിക്കുന്നത്. ഇങ്ങനെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഒരു ഡിജിറ്റൽ മൂല്യമുള്ള കലാവസ്തു അനന്യമാണ്. അതിനാൽത്തന്നെ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ഫോട്ടോ, വീഡിയോ ഓഡിയോ തുടങ്ങി വിവിധ തരം ഡിജിറ്റൽ ഫയലുകളെ പ്രതിനിധീകരിച്ച് എൻ.എഫ്. ടോക്കണുകൾ ആക്കിമാറ്റാം. ഇത്തരത്തിലുള്ള ഒരു കലാസൃഷ്ടി വാങ്ങുന്നയാൾക്ക് ഉടമസ്ഥാവകാശം ഉണ്ടായിരിക്കുമെങ്കിലും മറ്റുള്ളവർക്കും ഈ ഫയൽ ലഭ്യമായിരിക്കും. ഈ രീതിയിൽ ബ്ലോക്ക്ചെയിനിൽ സൂക്ഷിക്കുന്ന കലാസൃഷ്ടിയുടെ എൻ.എഫ്.ടി. വഴി ഉടമസ്ഥാവകാശം സുരക്ഷിതമായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതാണ് ഉടമസ്ഥാവകാശവും പകർപ്പവകാശവും തമ്മിലുള്ള വ്യത്യാസം.
Content Highlights:Anathakrishnan earn 30 Lakhs by selling digital paintings through NFT