വൈപ്പിൻ
സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ മിശ്രഭോജനം നടത്തിയ ചെറായി തുണ്ടിടപ്പറമ്പിലെ മൂന്നു സെന്റ് സ്ഥലത്ത് സ്മാരകം നിർമിക്കാൻ ഇക്കൊല്ലംതന്നെ തുക അനുവദിക്കുമെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ പറഞ്ഞു. ചരിത്രഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപന സമ്മേളനം സഹോദരൻ സ്മാരക മന്ദിരം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്മാരക സമിതി പദ്ധതിരൂപരേഖ തയ്യാറാക്കി എത്രയുംവേഗം സമർപ്പിക്കണം. പണ്ഡിറ്റ് കറുപ്പൻ സ്മാരക മന്ദിരം നിർമിക്കാൻ നടപടിയായെന്നും മന്ത്രി അറിയിച്ചു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.
ഇടവപ്പാതിയിലെ ഇടിമുഴക്കം എന്ന് വിശേഷിക്കപ്പെട്ട പന്തിഭോജനം നടന്ന തുണ്ടിടപ്പറമ്പിലെ മൂന്നു സെന്റ് സ്ഥലം 16 ലക്ഷം രൂപയ്ക്കാണ് മുസിരീസ് പൈതൃക പദ്ധതിവഴി സർക്കാർ ഏറ്റെടുത്തത്. ജോൺ പൊന്നൻ രചിച്ച കണ്ടൽ സംരക്ഷണ ഗാനം ചടങ്ങിൽ മന്ത്രി പ്രകാശിപ്പിച്ചു. എസ് ശർമ, മുസിരിസ് പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാപഞ്ചായത്ത് അംഗം അഡ്വ. എം ബി ഷൈനി, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, പഞ്ചായത്ത് അംഗം ഷീല ഗോപി, സ്മാരക കമ്മിറ്റി വൈസ് പ്രസിഡന്റ് സിപ്പി പള്ളിപ്പുറം, സെക്രട്ടറി ഒ കെ കൃഷ്ണകുമാർ, ഡോ. കെ കെ ജോഷി എന്നിവരും ജനപ്രതിനിധികൾ, രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.