കണ്ണൂർ
കണ്ണൂർ സർവകലാശാല എംഎ പൊളിറ്റിക്സ് ആൻഡ് ഗവേണൻസ് പ്രോഗ്രാം സിലബസിലെ വിവാദ പാഠഭാഗങ്ങൾ പഠിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. 29ന് ചേരുന്ന അക്കാദമിക് കൗൺസിൽ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും.
പാഠഭാഗങ്ങൾ പരിശോധിക്കാൻ നിയോഗിച്ച സമിതി ബുധനാഴ്ച വൈസ് ചാൻസലർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ ആരംഭിച്ച പുതിയ കോഴ്സിന്റെ മൂന്നാം സെമസ്റ്ററിൽ ‘ഇന്ത്യൻ രാഷ്ട്രീയചിന്തയിലെ പ്രമേയങ്ങൾ’ എന്ന പേപ്പറിൽ സംഘപരിവാർ നേതാക്കളുടെ സൃഷ്ടികൾ സ്ഥാനം പിടിച്ചത് വിവാദമായതിനെത്തുടർന്നാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. സിലബസിൽ പോരായ്മയുണ്ടായെന്ന് വിദഗ്ധ സമിതി വിലയിരുത്തി. റിപ്പോർട്ട് ബോർഡ് ഓഫ് സ്റ്റഡീസും പരിശോധിക്കുമെന്ന് വൈസ് ചാൻസലർ പറഞ്ഞു.