കോട്ടയം
ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപോലീത്ത ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനാകും. സഭ ആസ്ഥാനമായ ദേവലോകം ബിഷപ്പ് ഹൗസിൽ ബുധനാഴ്ച സുന്നഹദോസ് ചേർന്ന് ഏകകണ്ഠമായാണ് മാത്യൂസ് മാർ സേവേറിയോസിനെ നാമനിർദേശം ചെയ്തത്.
വെള്ളിയാഴ്ച ചേരുന്ന സഭ മാനേജിങ് കമ്മിറ്റി മലങ്കര അസോസിയേഷന് മെത്രാപോലീത്തായുടെ പേര് കൈമാറും. കാലംചെയ്ത ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ പിൻഗാമിയായി ഒക്ടോബർ 14ന് പരുമല സെമിനാരിയിൽ ചേരുന്ന യോഗം ബാവായെ അന്തിമമായി തെരഞ്ഞെടുക്കും. കണ്ടനാട് വെസ്റ്റ് –- ഇടുക്കി ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപോലീത്ത.
വാഴൂർ പുളിക്കൽകവല സെന്റ് പീറ്റേഴ്സ് പള്ളി ഇടവകയിലെ മറ്റത്തിൽ കുടുംബാംഗമാണ്. ജനനം 1949ൽ. വാഴൂർ സെന്റ് പോൾസിലായിരുന്നു ഹൈസ്കൂൾ പഠനം. പ്രീഡിഗ്രി വാഴൂർ എസ്വിആർ എൻഎസ്എസ് കോളേജിലും ബിഎസ്സി കോട്ടയം സിഎംഎസ് കോളേജിലും. തുടർന്നാണ് പഴയ സെമിനാരിയിൽ വൈദിക വിദ്യാർഥിയായത്. ഡോ. പൗലോസ് മാർ ഗ്രിഗോറിയോസിന്റെ നിർദ്ദേശമനുസരിച്ച് റഷ്യയിൽ നിന്നാണ് ഇദ്ദേഹം പിഎച്ച്ഡി എടുത്തത്. റോമിലും ഉപരിപഠനം നടത്തി. സെമിനാരിയിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കവേയാണ് മെത്രാൻ സ്ഥാനലബ്ധി.
അതിനിടെ, അസോസിയേഷൻ യോഗം ചേരുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച സ്വകാര്യ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി.