വീണാ ജോർജ്ജിനെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. പ്രചാരണം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാലാണ് നിയമ നടപടി സ്വീകരിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
നേരത്തെ വീണാ ജോർജ്ജിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും 267 പ്രവർത്തകർ വിട്ടുനിന്നതായുള്ള പാർട്ടിയുടെ അവലോകന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഒരു ഏരിയാ കമ്മിറ്റി അംഗവും നാല് ലോക്കൽ കമ്മിറ്റി അംഗവും ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്ചവരുത്തിയെന്നാണ് റിപ്പോർട്ട്.
ഇരവിപേരൂർ, കോഴഞ്ചേരി, പന്തളം, പത്തനംതിട്ട ഏരിയാ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കൽ കമ്മിറ്റികളിലെ പ്രവർത്തകരാണ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നത്. പ്രാദേശികമായ വിവരങ്ങൾ ക്രോഡീകരിച്ചാണ് വിട്ടുനിന്ന പ്രവർത്തകരുടെ എണ്ണം സിപിഎം കണ്ടെത്തിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
റിപ്പോർട്ടിൽ പരാമർശിക്കുന്ന ബ്രാഞ്ച് കമ്മിറ്റികളുടെ യാതൊരു ആവശ്യത്തിനും കത്ത് നൽകരുതെന്നും നിർദ്ദേശമുണ്ട്. പ്രവർത്തകർ എന്തുകൊണ്ട് വിട്ടുനിന്നെന്ന് സിപിഎം പരിശോധിക്കും. ചില പ്രവർത്തകർ പ്രചാരണ രംഗത്ത് സജീവമല്ലെന്ന് സംസ്ഥാന നേതൃത്വത്തിന് തെരഞ്ഞെടുപ്പ് സമയത്ത് പരാതി നൽകിയിരുന്നു.
പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗം ഷമീർ കുമാർ, കുളനട ലോക്കൽ കമ്മിറ്റി അംഗം എൻ ജീവരാജ്, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പി രാഗേഷ്, എം കെ രാഘവൻ, മലപ്പുഴശേരി ലോക്കൽ കമ്മിറ്റി അംഗം ആർ ശ്രീകുമാർ എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിന്ന പ്രധാനികൾ.