തിരുവനന്തപുരം > അന്താരാഷ്ട്രതലത്തില്‍ സാന്നിധ്യമുറപ്പിക്കാന്‍ കഴിയുന്ന പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനായി ആധുനിക പരിശീലന സൗകര്യങ്ങളുള്ള മൂന്ന് ഫുട്ബോള്‍ അക്കാദമികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഫുട്ബോള്‍ അക്കാഡമികള്‍ ആരംഭിക്കുന്നത്.
കായിക-യുവജനകാര്യ ഡയറക്ടറേറ്റിന്റെ രണ്ട് അക്കാദമികള്‍ കണ്ണൂരിലും തിരുവനന്തപുരത്തും സംസ്ഥാന സ്പോട്സ് കൗണ്‍സിലിന്റെ അക്കാദമി എറണാകുളത്തുമാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കണ്ണൂര്‍, എറണാകുളം അക്കാദമികള്‍ വനിതകള്‍ക്ക് മാത്രമായാണ്.
അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ടുകള്‍, മികച്ച കായിക ഉപകരണങ്ങള്‍, മികച്ച ടീം മാനേജ്മെന്റ്, ഗുണനിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം എന്നിവ ഉറപ്പാക്കുന്നു. ഓരോ കുട്ടിയുടേയും പ്രകടനവും പുരോഗതിയും വിലയിരുത്താന്‍ ഡാറ്റാ മാനേജ്മെന്റ് ആന്റ് അനാലിസിസ് പ്ലാറ്റ്ഫോമും ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബാണ് ജി വി രാജ അക്കാദമിയുമായി സഹകരിക്കുന്നത്. ഗോകുലം എഫ് സി കണ്ണൂര്‍ അക്കാദമിയുമായും സഹകരിക്കും.