ബിഷപ് ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗം കേരള ക്രൈസ്തവരുടെ ഇടയിൽ മുസ്ലിം വിരോധവും ക്രൈസ്തവ മൗലികവാദവും വളർത്താൻ ഉപകരിക്കുമെന്നത് ദുഃഖസത്യമാണ്. ഇത് ബോധപൂർവ്വം എഴുതി തയ്യാറാക്കി വായിച്ച പ്രസംഗമാണ്. ഇതിൽ ഖേദമില്ല എന്നാണ് തോന്നിയത്.
രണ്ടാം കുരിശുയുദ്ധം മുസ്ലീങ്ങൾ ബാഗ്ദാദ് പിടിച്ചടക്കിയതിന്റെ പേരിലായിരുന്നു. സീറോ മലബാർ സഭയുടെ ചരിത്രവുമായി ബാഗ്ദാദിനു ബന്ധമുണ്ടല്ലോ. കത്തോലിക്കാ സഭയിലെ രണ്ടു വിശുദ്ധർ ഈ കുരിശുയുദ്ധവുമായി ബന്ധപ്പെട്ടുണ്ട്. യൂറോപ്പിൽ ഈ കുരിശുയുദ്ധം പ്രസംഗിച്ചത് ഒരു സന്യാസ സമൂഹത്തിന്റെ അദ്ധ്യക്ഷനായിരുന്ന ക്ലെയർവോയിലെ ബർണാർഡാണ്. എന്നാൽ യുദ്ധ സാഹചര്യത്തിൽ നിയന്ത്രണരേഖ മറികടന്ന് മുസ്ലീം പക്ഷത്തേക്കുപോയി സുൽത്താൻ സലാഡിനെ കണ്ടു സൗഹൃദം സ്ഥാപിച്ചതു ഫ്രാൻസിസ് അസ്സീസിയാണ്. ഈ ഫ്രാൻസിസ് അസ്സീസിയുടെ പാത പിൻതുടരാനാണ് ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചതും, എല്ലാം സഹോദരന്മാർ എന്ന ചാക്രിക ലേഖനം എഴുതിയതും. ഇതു മാർപാപ്പയുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പായിരുന്നില്ല. രണ്ടാം വത്തിക്കാൻ സൂനഹദോസിൽ കത്തോലിക്ക സഭ സ്വീകരിച്ച നിലപാടാണ്. ഇസ്ലാമിനെത്തന്നെ പേരെടുത്തു പറഞ്ഞാണ് ആ പ്രബോധന രേഖ. മുസ്ലീങ്ങളെ ആദരവോടെ പരിഗണിക്കുന്നു എന്നാണ് അവിടെ എഴുതിയത്. ഇസ്ലാം പൈശാചികമാണെന്നും അതു വ്യാജമതമാണെന്നും, പാഷണ്ഡതയാണ് എന്നും അവിശ്വാസികളുടെ മതമാണെന്നും പറഞ്ഞ ഒരു പാരമ്പര്യം സഭയ്ക്കുണ്ട്. ഈ പാരമ്പര്യത്തിലേക്കു തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്ന ഒരു മൗലികവാദ അന്തരീക്ഷം ഇന്ത്യയിലുണ്ട്. അതിനു വേണ്ട പ്രലോഭനങ്ങളുമുണ്ട്. നാഗരികതകളുടെ ഏറ്റുമുട്ടലിന്റെ വാദവും ഒരു സിദ്ധാന്തമായി പാശ്ചാത്യനാടുകളിലുണ്ട്.
എന്നാൽ വ്യത്യസ്തമായൊരു സരണിയിലാണ് ഫ്രാൻസിസ് മാർപാപ്പ സഭയെ നയിക്കുന്നത്. 2016 ആഗസ്റ്റ് ഒന്നാം തീയതി മാർപാപ്പ പോളണ്ട് സന്ദർശനം കഴിഞ്ഞു തിരിച്ചുപോരുമ്പോൾ വിമാനത്തിൽ നടന്ന പത്രസമ്മേളനത്തിൽ ഒരു മാധ്യമപ്രവർത്തകൻ ഉന്നയിച്ച ചോദ്യം ആ വർഷം ജൂലൈ 26-ന് ഫ്രാൻസിൽ 85 വയസ്സുള്ള ഒരു കത്തോലിക്കാ വൈദികനെ കഴുത്തറുത്തു കൊന്ന മുസ്ലീം തീവ്രവാദ നടപടിയെക്കുറിച്ചായിരുന്നു. മാർപാപ്പ പറഞ്ഞു: എല്ലാ മതങ്ങളിലും തന്നെ ചെറിയ തോതിലെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുണ്ട്. ഞാൻ ഇസ്ലാമിക അക്രമത്തെക്കുറിച്ചു പറയാൻ ഇഷ്ടപ്പെടുന്നില്ല. പത്രം വായിച്ചാൽ ഇറ്റലിയിൽ എന്നും അക്രമങ്ങൾ നടക്കുന്നു എന്നറിയുന്നു: പ്രേമിച്ചവളെ കൊല്ലുന്നു, അമ്മായിയമ്മയെ കൊല്ലുന്നു, ഇവരൊക്കെ മാമ്മോദീസ സ്വീകരിച്ച കത്തോലിക്കരാണ്. ഞാൻ ഇസ്ലാമിക അക്രമത്തെക്കുറിച്ചു പറഞ്ഞാൽ കത്തോലിക്ക അക്രമത്തെക്കുറിച്ചും പറയണം. എല്ലാ മുസ്ലീങ്ങളും അക്രമികളല്ല.
കത്തോലിക്കാ പെൺകുട്ടികൾ ഏതു തട്ടിപ്പിനും ചൂഷണത്തിനും ഇരയാകാൻ കാത്തിരിക്കുന്ന അവിവേകികളും അപക്വമതികളുമാണ് എന്നമട്ടിലാണ് പ്രസംഗത്തിലെ അവതരണം. അതു വേദനാജനകമാണ്. ക്രൈസ്തവ കുടുംബങ്ങളെക്കുറിച്ചു പരിതാപകരമായ വീക്ഷണമാണത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യേകിച്ച് അറബി നാടുകളിലും നഴ്സിംഗ് ശുശ്രൂഷ മഹത്വപൂർണ്ണമായി പ്രവർത്തിക്കുന്ന ഏതു സാഹചര്യങ്ങളോടും അനുരൂപപ്പെടാനും മാന്യമായി പെരുമാറാനും കഴിയുന്ന നമ്മുടെ സ്ത്രീജനത്തെ ഇങ്ങനെ വിലയിടിച്ച് കാണരുതായിരുന്നു.
വി. അഗസ്റ്റിൻ മനുഷ്യനെക്കുറിച്ചു വലിയൊരു കണ്ടെത്തൽ നടത്തി. മനുഷ്യൻ ആരംഭം ഉണ്ടാക്കാൻ കഴിയുന്നവനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പുതിയ തുടക്കങ്ങൾ ഉണ്ടാക്കാൻ മനുഷ്യന് കഴിയും. നാഗരികതകളുടെ പുതിയ തുടക്കങ്ങൾ മാത്രമല്ല ദൈവികവും വിശുദ്ധവും ധർമ്മനിഷ്ഠവുമായി എന്തൊക്കെ പുതിയ തുടക്കങ്ങളുടെ നന്മ അനുഭവിക്കുന്നവരാണ് നാം. മഹത്വപൂർണ്ണമായ തുടക്കങ്ങളുടെ ചരിത്രങ്ങളിലാണ് നാം വസിക്കുന്നത്. പക്ഷെ, തുടക്കങ്ങൾ എല്ലാം നല്ലതാകണമെന്നില്ല. ആയിരങ്ങളെ കൊന്നൊടുക്കുന്നതും, ആയിരങ്ങൾക്കു കണ്ണീരുണ്ടാക്കുന്നതും തുടങ്ങാൻ മനുഷ്യനു കഴിയും. ഈ നാട്ടിൽ മെത്രാന്മാർക്കു വലിയ മഹത്വപൂർണ്ണമായ ഒരു പാരമ്പര്യമുണ്ടായിരുന്നു. സകല ജാതിക്കാരേയും സകല ജനങ്ങളേയും സ്പർശിക്കുന്ന മഹത്വപൂർണ്ണമായ പാരമ്പര്യം. അതാണ് ഇവിടെ ഉടഞ്ഞുപോകുന്നത്. ഒരു വലിയ തെറ്റിന്റെ തുടക്കമായി ഈ പ്രസംഗം മാറാം. അതിനു തീ കൊളുത്തുന്നവർ വിവേകവും ദീർഘ വീക്ഷണവുമില്ലാത്തവരായി മാറിപ്പോകുന്നു.
സഭയ്ക്കു സംഭവിക്കുന്നത്, സഭ സഭയ്ക്കുവേണ്ടി മാത്രമാകുന്ന വലിയ പ്രതിസന്ധിയാണ്. സഭ സഭയിലേക്കു ഒതുങ്ങുന്നു- ഈ ചുരുങ്ങലാണ് സഭ സമുദായമാകൽ. ചില സഭാധ്യക്ഷന്മാർ സമുദായ നേതാക്കളുടെ തലത്തിലേക്കു ചുരുങ്ങിപ്പോകുന്നു. സഭ ലോകത്തിനും സർവ്വമനുഷ്യർക്കും വേണ്ടിയാകണം. ഈ നാട്ടിലെ എല്ലാവരോടും പറയാനുള്ള സുവിശേഷമാണ് സഭയെ ക്രിസ്തു ഏൽപിച്ചിരിക്കുന്നത്. അതു ചിലർ വല്ലാതെ മറക്കുന്നു. നിസ്സാരമായ രാഷ്ട്രീയ സാമുദായിക നേട്ടങ്ങൾക്കുവേണ്ടി നടത്തുന്ന ചില രാഷ്ട്രീയ ബന്ധങ്ങളിൽ സഭയുടെ ദൗത്യത്തെ ഒറ്റിക്കൊടുക്കുന്നതായി മാറുന്ന പ്രശ്നം നിസ്സാരമല്ല. ചിന്തയില്ലാതെ നടത്തുന്ന ഇത്തരം നടപടികൾ സാധാരണ മനുഷ്യർക്കു ദുരന്തങ്ങൾക്കു കാരണമാകും.
ലോകജനസംഖ്യയിൽ 24 ശതമാനത്തിലധികം മുസ്ലീങ്ങളാണ്, ക്രൈസ്തവർ 31.14 ശതമാനവും. ഈ രണ്ടു ലോക മതങ്ങളും പരസ്പരം ഒരു പൊതു പൈതൃകം പേറുന്നവരാണ്. ഈ മതങ്ങൾ സഹകരിക്കുകയും സൗഹൃദത്തിൽ കഴിയുകയും ചെയ്യുന്നത് ലോക സമാധാനത്തിന് അനിവാര്യമത്രേ. ഇതാണ് ഫ്രാൻസിസ് മാർപാപ്പ അടിവരയിട്ടു പറയുന്നത്. സമുവൽ ഹന്റിംഗ്ടൺ-ന്റെ നാഗരികതകളുടെ യുദ്ധസിദ്ധാന്തം ദക്ഷിണാഫ്രിക്കൻ സാഹിത്യകാരനായ ജെ. എം. കോറ്റ്സിയുടെ കിരാതകരെ കാത്ത് (Waiting for the Barberians) എന്ന നോവലിന്റെ രൂപകമായി ചരിത്രത്തെ കാണുന്നു.
സംസ്കാരമുള്ളവർ എന്നഭിമാനിക്കുന്നവർ മറ്റുള്ളവരെ കിരാതരായി സ്ഥിരം വേട്ടയാടുന്ന ചരിത്രം. ഈ ചരിത്രം ആവർത്തിച്ച് അതിന്റെ ഭീകര ദുരന്തങ്ങൾ ഇനിയും ലോകം അനുഭവിക്കണോ എന്നതാണ് മനുഷ്യചരിത്രത്തിന്റെ മൗലികപ്രശ്നം. അത് ധാർമ്മികവും ആത്മീയവുമായ പ്രതിസന്ധിയുമാണ്. ഇവിടെയാണ് മനുഷ്യന്റെ ധർമ്മബലം ചരിത്രം സൃഷ്ടിക്കേണ്ടത്. സാമുദായ സ്പർദ്ദയുടെ പ്രതിസന്ധികൾ കേരളത്തിൽ ഉണ്ടാകുന്നുണ്ട്. ഈ സ്പർദ്ദയുടെ പ്രശ്നങ്ങളിൽ മുങ്ങിത്താഴാതെ ജനങ്ങളെ ധാർമ്മികവും ആത്മീയവുമായ മാനങ്ങളിലേക്ക് നയിക്കാൻ മതനേതാക്കൾ പരാജയപ്പെടുകയാണോ? ലെസ്സിംഗിന്റെ വിവേകിയായ നാഥാൻ പറയുന്നതുപോലെ മനുഷ്യനായാൽ മതി – മനുഷ്യനാകാൻ മതങ്ങൾ മനുഷ്യന് ശക്തിപകരുന്നുണ്ടോ എന്നതാണ് നമ്മുടെ പൊതുപ്രശ്നം.
(കെസിബിസി മുൻവക്താവും ലൈറ്റ് ഓഫ് ട്രൂത്തിന്റെ എഡിറ്ററുമാണ് ഫാ.പോൾ തേലക്കാട്ട്)