തിരുവനന്തപുരം
ലീഗിന്റെ സ്ത്രീവിരുദ്ധ സമീപനം താലിബാനെ അനുസ്മരിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. യൂത്ത് ലീഗിൽ വനിതകൾക്ക് അംഗത്വം നൽകാറില്ല. ലീഗിന്റെ ഒരു ഘടകത്തിലും വനിതകൾക്ക് നേരിട്ട് കടന്നുവരാനാകില്ല. താലിബാന്റെ സ്ത്രീപുരുഷ സങ്കൽപ്പമാണോ ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സങ്കൽപ്പമാണോ തങ്ങളുടേതെന്ന് ലീഗ് വ്യക്തമാക്കണം.
ഹരിത മുൻ നേതാക്കളുടെ വെളിപ്പെടുത്തലിൽ ലീഗിന്റെ സ്ത്രീവിരുദ്ധതയാണ് മറനീക്കുന്നത്. പുരുഷ ആൾക്കൂട്ട ആക്രമണമാണ് ഹരിത മുൻ നേതാക്കൾക്കെതിരെ നടക്കുന്നത്. ലീഗ് ചിറകെട്ടി തടഞ്ഞിരുന്ന സ്ത്രീശബ്ദം പൊട്ടിയൊഴുകാൻ തുടങ്ങിയിരിക്കുന്നു. ലീഗിലെ ആണധികാരത്തെ ചോദ്യംചെയ്യാൻ തയ്യാറായവരെ ഡിവൈഎഫ്ഐ അഭിവാദ്യം ചെയ്യുന്നു. ഹരിത വിഷയത്തിൽ യൂത്ത് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും എ എ റഹീം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ എസ് കെ സജീഷും പങ്കെടുത്തു.