കൊച്ചി> നയതന്ത്ര ബാഗേജിലൂടെ കടത്തിയ 30 കിലോ സ്വര്ണം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. പി എസ് സരിത്, സ്വപ്ന സുരേഷ് എന്നിവരില് നിന്ന് പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്.
നേരത്തെ1.85 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു. 30 കിലോ സ്വര്ണം കടത്തിയതിന് സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായര് എന്നിവര്ക്ക് ലഭിച്ച കമ്മീഷനാണ് 14.98 ലക്ഷം രൂപയെന്ന് ഇഡി വ്യക്തമാക്കി. കസ്റ്റംസ് രജിസ്റ്റര് ചെയ്ത കേസിലെ പ്രതികളായ അബൂബക്കര് പഴേടത്ത്, പി എം അബ്ദുള് ഹമീദ്, എ എം ജലാല്, റബിന്സ് കെ ഹമീദ്, പി ടി അബ്ദു, മുഹമ്മദ് ഷാഫി, കെ ഹംജദ് അലി, പി ടി അഹമ്മദ്കുട്ടി, ഹംജദ് അബ്ദുള് സലാം, ഷൈജല്, മുഹമ്മദ് ഷമീര്, റസല്, അന്സില് എന്നിവരുടെ പേരിലുണ്ടായിരുന്ന 14.82 കോടിയുടെ സ്വര്ണമാണ് ഇഡി കണ്ടുകെട്ടിയത്.
സ്വര്ണക്കടത്തിന് പണം നിക്ഷേപിച്ച 9 പേര്ക്ക് നോട്ടീസ് നല്കി. 2020 ജൂലൈയിലാണ് പി എസ് സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായര് എന്നിവരെ ഇഡി അറസ്റ്റ് ചെയ്യുന്നത്. മുന് ഐടി സെക്രട്ടറി എം ശിവശങ്കറെ 2020 ഒക്ടോബറിലുമാണ് അറസ്റ്റ് ചെയ്യുന്നത്.