15 മിനിറ്റ് എസ്ഐ വാഹനത്തിൽ ഇരുന്നുവെന്നും ഇത് മര്യാദകേടാണെന്നും സുരേഷ് ഗോപി പറയുന്നു. നിർബന്ധപൂർവം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും താൻ ശാസിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സൗമ്യതയോടെ സല്യൂട്ടിന്റെ കാര്യം ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണമെന്നാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് അറിയിച്ചിട്ടുള്ളതെന്നും സുരേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
“മറിഞ്ഞു വീണ മരങ്ങൾ വനംവകുപ്പുകാരെക്കൊണ്ട് എടുപ്പിക്കാൻ സർ എന്താണ് വേണ്ടതെന്നു വെച്ചാൽ ചെയ്യണം.” എന്ന് സുരേഷ് ഗോപി പറയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. “നാടിനു വേണ്ടി പലതും ചെയ്യുന്നുണ്ട്. അതിനൊക്കെ പണവുമുണ്ട്. പക്ഷേ ചെയ്യാൻ സമ്മതിക്കണ്ടേ? എം പി എന്ന നിലയിൽ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുന്നുണ്ട്. എന്നാൽ അതെല്ലാം തള്ളാണെന്നാണ് ചില പന്നന്മാർ പറഞ്ഞു നടക്കുന്നത്. ഞാൻ ചെയ്യുന്നതിനൊക്കെ രേഖയുണ്ട്. വന്നാൽ അവന്മാരുടെ അണ്ണാക്കിലേക്ക് തള്ളിക്കൊടുക്കാം.” എന്നും സുരേഷ് ഗോപി പറയുന്നു. സുരേഷ് ഗോപി ക്ഷോഭിച്ചത് എന്തിനാണെന്ന് വ്യക്തമല്ല.
നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ പോലീസ് അസോസിയേഷന് എതിർപ്പുണ്ടെന്ന് മാധ്യമ പ്രവർത്തകൻ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പോലീസ് അസോസിയേഷൻകാർ രാഷ്ട്രീയക്കാരാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അതേസമയം, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. “അങ്ങനൊരു പ്രശ്നം ഉണ്ടെങ്കിൽ അവർക്ക് ഉത്തരവാദിത്വം ഉള്ള ആളാണെന്ന് തോന്നിയാൽ എന്നെ വിളിപ്പിക്കാം. വിളിപ്പിച്ചാൽ ഞാൻ ചെല്ലും. ചെന്ന് അവർക്ക് പറയാനുള്ളത് കേൾക്കും. അവർക്ക് ആരെയാണോ അറിയിക്കേണ്ടത് അവരെ നേരിട്ട് പോയി അറിയിക്കും. ഇതാണെന്റെ ജോലി. പേര മരത്തിന്റെ തൈ മാത്രമല്ല അവിടെ എത്തുന്നത്. എല്ലാ വിഷയങ്ങളും ആരും പറയാതെതന്നെ അവിടെ എത്തുന്നുണ്ട്. തുടർന്നുള്ള നടപടികളും ഉണ്ടാകുന്നുണ്ട്.”
“ബിഷപ്പ് വഴിയാണ് ജനതയുടെ പ്രശ്നം വരുന്നതെങ്കിൽ അത് എത്തിക്കേണ്ടിടത്ത് എത്തിക്കാം. പക്ഷേ അവർ ആവശ്യപ്പെടണം. ഞാൻ അങ്ങനെ ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയക്കാരനല്ല. അങ്ങനെയൊരു രാഷ്ട്രീയക്കാരൻ ആകുകയുമില്ല. പറയാനുള്ളവർ പറയട്ടെ അവരുടെ എണ്ണം കൂടട്ടെ. നമ്മൾ ഭൂരിപക്ഷത്തിനു വേണ്ടിയല്ലേ നിൽക്കുന്നത്. ഭൂരിപക്ഷം തീരുമാനിക്കട്ടെ.” ഭൂരിപക്ഷം തെരഞ്ഞെടുത്ത സർക്കാർ ചെയ്യട്ടെ- സുരേഷ് ഗോപി പറഞ്ഞു.